Description
ആഴി ചൂഴും ഉലകം
ആർ. എൻ ജോ ഡിക്രൂസ്
കടൽ ജീവശ്വാസം പോലെ പ്രിയപ്പട്ടതായ ഒരുകൂട്ടം മനുഷ്യരുടെ കഥയാണ് ആഴി ചൂഴും ഉലകം. തമിഴ്നാട്ടിലെ തൂത്തുക്കുടി തീരത്ത്, ഉപ്പുകാറ്റിനൊപ്പം ഐതിഹ്യങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ചേരുന്ന ഒരു ദേശത്തെ ജീവിതങ്ങളാണ് ഈ നോവലിന്റെ കാതൽ. ഓരോ ദിവസവും കടലിനോട് മല്ലിടുന്ന, ധീരതയ്ക്കും കഠിനാധ്വാനത്തിനും അതോടൊപ്പം രൌദ്രമായ സ്വഭാവവിശേഷങ്ങൾക്കും പേരെടുത്ത പരത്തവരുടെ സമുദായത്തിൽ കടലും കാലവും കൊണ്ടുവരുന്ന മാറ്റങ്ങളുടെ നേർക്കാഴ്ച. ഒരു അപകടം അനന്തമായ കടലിലേയ്ക്കും മരണത്തിൻ്റെ മുന്നിലേയ്ക്കും തള്ളിയിട്ട മൂന്ന് മത്സ്യത്തൊഴിലാളികളുടെ ഹൃദയഭേദകമായ കഥയും ഇതോട് ചേർന്നൊഴുകുന്നു.
വളരെ വിശാലമായ ഒരു ലോകത്തിലെ വേറിട്ട ജീവിതങ്ങളും അനുഭവങ്ങളും വിശദമായി പകർത്തി, വായനക്കാരനെ വിസ്മയിപ്പിക്കുന്ന ഈ നോവൽ കടലിൻ്റെ വൈവിധ്യമാർന്ന മുഖങ്ങളുടെ ആഘോഷമാണ്, എത്രയേറെ തിരിച്ചടികൾ നേരിട്ടാലും തോറ്റ് പിന്മാറാൻ കൂട്ടാക്കാത്ത മനുഷ്യരുടെ മനോബലത്തിനോടുള്ള ആദരവും.
മാറ്റങ്ങളുടെ തിരമാലകളെ നേരിടുന്ന മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗതമായ അറിവിനും കരുത്തിനും മീതെ നഷ്ടബോധത്തിൻ്റെ നിറം പതിയെ കലരുന്നത് നമുക്ക് ഈ പേജുകളിൽ അനുഭവിച്ചറിയാം. പരത്തവരുടെ മിശ്രഭാഷ, അവർ വിശ്വസിക്കുന്ന മിഥ്യകൾ, അമ്മയായ കടലിനോട് അവർക്കുള്ള അഗാധമായ സ്നേഹം… ഇതെല്ലാം ഈ നോവലിനെ അപൂർവമായ ഒരു വായനാനുഭവമാക്കുന്നു.
ആർ. എൻ ജോ ഡിക്രൂസ്
തമിഴിലെ ഏറ്റവും മികച്ച നോവലിസ്റ്റുകളിലൊരാളാണ് ജോ ഡിക്രൂസ്. തിരുനെൽവേലി ജില്ലയിലെ തീരദേശഗ്രാമമായ ഉവാരിയിൽ ജനിച്ചുവളർന്ന ജോ ഡിക്രൂസിൻ്റെ പ്രമുഖ രചനകളേറെയും താനുൾപ്പെടുന്ന, കടലിനെ ആശ്രയിച്ചുജീവിക്കുന്ന, പരത്തവരുടെ സമുദായത്തെക്കുറിച്ചാണ്. ആദ്യത്തെ നോവലായ ആഴി സൂഴ് ഉലക്, തമിഴ്നാട് സർക്കാറിൻ്റെ 2005-ലെ സ്റ്റേറ്റ് ലിറ്റററി അവാർഡും തമിഴ് ലിറ്റററി ഗാർഡൻ അവാർഡും നേടി. 2009-ൽ പ്രസിദ്ധീകരിച്ച കോർകൈയാണ് ജോ ഡിക്രൂസിൻ്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. തൂത്തുക്കുടി തീരദേശത്ത്, കടലിൽ മുത്ത് വാരി ജീവിക്കുന്നവരുടെ ചരിത്രവും സാമൂഹ്യ- സാംസ്കാരിക ഭൂമികയും വിഷയമാക്കിയ ഈ കൃതിക്ക് സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഷിപ്പിംഗ് മേഖല പശ്ചാത്തലമാക്കിയ അസ്തിനപുരമാണ് ജോ ഡിക്രൂസിൻ്റെ മൂന്നാമത്തെ നോവൽ. മുക്കുവരുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെൻ്ററി ചിത്രങ്ങളിലൂടെയും ശ്രദ്ധേയനാണ് ജോ ഡിക്രൂസ്.






Reviews
There are no reviews yet.