Description
തിരിഞ്ഞു നടന്നപ്പോൾ
ലീല വി എം
ഫേസ്ബുക്ക് കുറിപ്പുകളും കവിതകളും
“ലീല. വി എമ്മിൻ്റെ കവിതകൾ ബാല്യത്തിൻ്റെ ഗൃഹാതുരത്വം നിറഞ്ഞവയാണ്. ” ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല , കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിച്ചു വയ്ക്കുന്നില്ല” എന്ന് ബൈബിളിൽ പറയുന്ന ഒരു ജീവിതമാണ് ഈ കവിതകളിലെ ഗൃഹാതുരമായ ലോകം. അത് ഗ്രാമ പ്രകൃതിയുടെ ഭാഗമാണ്. സ്പിനോസ പറയുന്നതുപോലെ ഇവിടെ ദൈവം പ്രകൃതിയാണ് . അതിലേക്കുള്ള കാവ്യപരമായ മടക്കം ആണ് ഈ കവിതകൾ.
ആദ്യകവിതയിൽ ഒരു ചോദ്യമുണ്ട്. ” മൈന നാളെയും വരുമോ? ” ഇവിടെ ഒരു സാഹോദര്യം ഉണ്ട്. പ്രകൃതി മലിനമാകുന്നതിലുള്ള വേദനയുണ്ട്. പോട്ടച്ചിറയും മരിക്കുമോ എന്ന ഭയമുണ്ട്.
ഒറ്റയ്ക്കിരിക്കുമ്പോൾ കവിക്ക് ഒരു ശൂന്യതയുണ്ട്. കുഞ്ഞു കിളിയുടെ പാട്ടുമില്ല , കൊച്ചു കുളിർക്കാറ്റിൻ മൂളലില്ല. ലോകം വളരെയധികം മാറിപ്പോയിരിക്കുന്നു.
മൃത്യു ദേവത തന്നെ തൊട്ടുവോ , പിന്നെ കൈ പിൻ വലിച്ചുവോ? കവിയിൽ മരണഭയം നിറയുന്നുണ്ട്. പൗരാണികമായ കഥകളിലേക്കും ജീവിതത്തിൻ്റെ നാനാ പ്രകാരങ്ങളിലേക്കും കവി പോകുന്നുണ്ട്. അച്ഛൻ , അമ്മ ഒക്കെ കഥാപാത്രങ്ങളാകുന്നു. കറുപ്പിൻ്റെ പൊരുളിനെ കവി തേടുന്നു. ഒരു മിച്ചുള്ള നടപ്പിൽ സന്തോഷം കണ്ടെത്തുന്നു. ഒറ്റക്കമ്പി വീണയിൽ വായിച്ചെടുത്ത രാഗങ്ങൾ ആണീ കവിതകൾ. കവിതയുടെ മേക്കപ്പുകളില്ലാതെ ഹൃദയം തുറന്നൊഴുകിയ രാഗങ്ങൾ.
കവി കവിതയോടാണ് തൻ്റെ ഓർമ്മകളും സങ്കടങ്ങളും പങ്കുവച്ചത്. അങ്ങനെ രൂപപ്പെട്ടവയാണ് ഈ കവിതകൾ. ആ കവിതകളിൽ മുഖം ചായ്ച്ച് നിങ്ങൾ കിടക്കുക. ഒരു ഹൃദയത്തിൻ്റെ മിടിപ്പുകൾ കേൾക്കാം.” – എസ്. ജോസഫ്
****
“കുഞ്ഞേടത്തിയുടെ എഴുത്തിലെ ഓർമ്മകൾക്കും ഭാഷയ്ക്കും സത്യസന്ധതയ്ക്കും മുന്നിൽ ഞാൻ വിനയത്തോടെ നില്ക്കുന്നു, സ്നേഹത്തോടെയും.” – എം. സുചിത്ര
****
“എപ്പോഴുമീറനായ മണ്ണിൽ, താനേ മുളച്ചും വളർന്നും പടർന്നും തഴച്ചു നിൽക്കുന്ന പച്ചപ്പാണ് ലീലേട്ത്തിയുടെ എഴുത്തുകൾ. അവ വായിക്കുമ്പോൾ ജൈവികമായ പല മണങ്ങൾ , സ്മൃതികൾ, സ്നേഹങ്ങൾ നമ്മെ വന്നു പൊതിയുന്നു . ചിലപ്പോളൊക്കെ കണ്ണീരുപ്പു ചുവയ്ക്കുന്നു” – ഗിരിജ പാതേക്കര
Reviews
There are no reviews yet.