സ്റ്റീവ് ആൻഡേഴ്സന്റെ മധ്യവേനൽ അവധിക്കാലം (Review by Jinish Kunjilikkattil (FB Post)

Published by on May 4, 2021
Categories: Uncategorized

https://www.facebook.com/kg.jinish
കുട്ടിക്കാലത്തെക്കുറിച്ച് ആലോചിക്കാൻ ശ്രമിച്ചാൽ നിരവധി കാര്യങ്ങൾ ചിലപ്പോൾ നമ്മുടെ മനസ്സിലേക്കോടി വരും.വീട്ടിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവങ്ങൾ,അമ്മൂമ്മയുടെയും, മുത്തച്ഛന്റേയും കൂടെയുള്ള അനുഭവങ്ങൾ, അവർ പറഞ്ഞു തന്നിരുന്ന പല പല കഥകൾ, അവധിക്കാലത്തെ യാത്രകൾ, അച്ഛനോ അമ്മയോ വായിച്ചു കേൾപ്പിച്ചു തന്നിരുന്ന ബാലമാസികകളിലെ കഥകൾ ,അവധി ദിവസങ്ങളിൽ മുടങ്ങാതെ കണ്ടിരുന്ന കാർട്ടൂണുകൾ, ടിവി പരിപാടികൾ, ട്യൂഷന് പോക്ക്,സ്കൂൾ കാലഘട്ടത്തിലെ ആദ്യ പ്രണയം,സ്കൂളിലെ കൂട്ടുകാരുമൊന്നിച്ചുള്ള സാഹസികവും അല്ലാതെയുമുള്ള യാത്രകൾ.. എന്നിങ്ങനെ പറയാൻ തുടങ്ങിയാൽ നിരവധിയുണ്ട്.
സ്റ്റീവ് ആൻഡേഴ്സന്റെ മധ്യവേനൽ അവധിക്കാലം എന്ന ഒന്നാം പുസ്തകവും കൈകാര്യം ചെയ്യപ്പെടുന്ന വിഷയം ഏതാണ്ടിതൊക്കെ തന്നെയാണ്. കാലദേശസ്ഥലികൾ മാറിയാലും അവയിൽ മേല്പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊന്ന് കാണാതിരിക്കില്ല.
ഗോവയിലെ കലാൻഗുട്ടിൽ ബാർ എക്ലിപ്സ് എന്ന ബാർ നടത്തുകയാണ് ലണ്ടൻകാരിയയായ കാരെനും ഭർത്താവ് ക്രെയ്‌ഗും.തന്റെ ആ പ്രിയപ്പെട്ട ബാറിലിരുന്നുകൊണ്ടു നോവലിന്റെ ആഖ്യാതാവും നായകനുമായ സ്റ്റീവ് തന്റെ ബാല്യകാല ഓർമകളെ കുറിച്ച് പങ്കുവെയ്ക്കുകയാണ് മധ്യവേനൽ അവധിക്കാലം :അത് നീയായിരുന്നോ ? എന്ന ആദ്യ പുസ്തകത്തിൽ. പുരുഷന്മാരുടെ മനസ്സ് വായിക്കാൻ അതിവിദഗ്ദ്ധരാണ് സ്ത്രീകൾ എന്നാണ് സ്റ്റീവ്ന്റെ അഭിപ്രായം. കാരെന്റെ നിർബന്ധത്തിനു വഴങ്ങി സ്റ്റീവ് തന്റെ ഓർമ്മകളുടെ ആ നല്ല കാലത്തെ കുറിച്ചു മനസ്സ് തുറക്കുന്ന രീതിയിലാണ് നോവൽ അവതരിപ്പിച്ചിട്ടുള്ളത്.
1974 ജൂണിലെ ഒരു സ്കൂൾ അവധി വേനൽക്കാലത്ത്, പതിനൊന്ന് വയസ്സുള്ള സ്റ്റീവ് ,പത്ത് വയസ്സുള്ള ലോറൈനെ ആദ്യമായി കണ്ടുമുട്ടുന്നതും ,അന്ന് മുതൽ പ്രായപൂർത്തിയാകുന്നതിലേക്കുള്ള അവരുടെ യാത്രകളുമാണ് ഈ പുസ്തകത്തിലുള്ളത് . നമ്മുടെ ചിലരുടെയെങ്കിലും ബാല്യകാലത്തെക്കുറിച്ചോർക്കുമ്പോൾ കടന്നു വരാൻ സാധ്യതയുള്ള സാഹസികത നിറഞ്ഞ യാത്രകളും,അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമൊക്കെ തന്നെയാണ് സ്റ്റീവിനും പറയാനുള്ളത്. ബാല്യകാലത്തെ നിഷ്കളങ്കമായ ജിജ്ഞാസകളും,അത് സൃഷ്ടിക്കുന്ന സങ്കീർണ്ണത നിറഞ്ഞ യാത്രകളും, ആശയകുഴപ്പങ്ങളുമൊക്കെ ഇവിടെയും കടന്നു വരുന്നുണ്ട്. കുട്ടിക്കാലത്തു വളരെ ആഗ്രഹിച്ച ഒരു വസ്തു സ്വന്തമാക്കാൻ പണിപ്പെടുകയും അത് കൈയ്യിൽ കിട്ടുന്ന നിമിഷം വരെ അനുഭവിക്കുന്ന ആകാംക്ഷയും, ഉത്കണ്ഠയുമൊക്കെ വായനക്കാരിലും സൃഷ്ടിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു . നാളുകൾക്കു ശേഷം ഒരു പ്രത്യേക സാഹചര്യത്തിൽ അവർക്കു പിരിയേണ്ടിവരികയും, മുതിരുന്നതോടെ കുട്ടിക്കാലത്തുണ്ടായിരുന്ന അവരുടെ ആ നിഷ്കളങ്കത മങ്ങുകയും ,ലോകത്തിന്റെ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ പുറപ്പെട്ടിറങ്ങുന്ന അവരുടെ മറ്റൊരു വശവും നമുക്കിതിൽ കാണാം.ലോറൈനെ കണ്ടെത്താനുള്ള സ്റ്റീവിന്റെ ശ്രമങ്ങളെ കുറിച്ചാണ് നോവലിന്റെ അവസാന ഭാഗത്തുള്ളത്. ഒന്നാം പുസ്തകം അവസാനിക്കുന്നതും അതെ കുറിച്ചു പറഞ്ഞുകൊണ്ടാണ്. ഇതിന്റെ രണ്ടാം ഭാഗം ഉടനെ പ്രതീക്ഷിക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന ഒരു ചെറു പുസ്തകമാണിത്. അമീഷിന്റെ രാവണൻ,ചേതൻ ഭഗത്തിന്റെ 105-ാം മുറിയിലെ പെണ്കുട്ടി തുടങ്ങിയ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കബനി സി തന്നെയാണ് ഈ പുസ്തകം നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. വീസീ ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published.