Description
പ്രണയമഴ കുടയ്ക്കുള്ളിൽ
(കഥാസമാഹാരം )
സുധാകരൻ പുതുക്കുളങ്ങര
Pre Order Now
Book Release on June 17, 2021
———–
ചെറിയലോകവും ചെറിയ മനുഷ്യരും
പ്രദീപ് പനങ്ങാട്
കഥ പറയുക എന്നത് കാലത്തോട് ചേർന്നുനിൽക്കാനുള്ള ആസക്തിയാണ്.ജീവിതത്തേയും അനുഭവങ്ങളേയും പുനർനിർമ്മിക്കാനുള്ള ശ്രമവുമാണത്. സ്വന്തം ദേശത്തുകൂടി, സ്നേഹതീരങ്ങളിൽ കൂടി, അസ്വസ്ഥതകളിലും ആനന്ദങ്ങളിലും കൂടി ഓരോ കഥാകാരനും യാത്രചെയ്യുന്നു. ജീവിതം കഥയിലേക്കും കഥജീവിതത്തിലേക്കും പകർത്തിവെക്കുന്നു.ആ ദൗത്യം മനോഹരമായി നിർവഹിക്കുമ്പോൾ വിവേകശാലിയായ വായനക്കാരൻ ആ കഥകളിൽ സ്വയം കണ്ടെത്തുന്നു. അത്തരം വായനക്കാർക്കുള്ള ക്ഷണമാണ് സുധാകരൻ പുതുകുളങ്ങര പ്രണയമഴ കുടയ്ക്കുള്ളിൽ എന്ന കഥാസമാഹാരത്തിലൂടെ നടത്തുന്നത്.
സാധാരണ കേരളീയ ഗ്രാമത്തിലൂടെ നടത്തുന്ന യാത്രാനുഭവങ്ങളാണ് ഈ കഥാ സമാഹാരം തരുന്നത്. ലളിതവും സുന്ദരവും ആഴവും പരപ്പുമുള്ള ഗ്രാമജീവിതത്തിൽ നിന്നു പറിച്ചെടുത്തതാണ് ഓരോ കഥയും. അത് കൊണ്ട് അതിൽ മനുഷ്യബന്ധങ്ങളിലെ ഉഷ്ണവും ഊഷ്മളതയും പടർന്നു കിടക്കുന്നു.സ്വപ്നങ്ങളും ആകാംഷയും, വിഷാദവും വിരക്തിയും, പ്രണയവും വിഷാദവും, അലച്ചിലും സ്വസ്ഥതയും ഉണ്ട്. മനുഷ്യജീവിതത്തിന്റെ വിഭിന്ന മുഖങ്ങളും വ്യത്യസ്ത കാമനകളും കണ്ടെത്താം. അനുഭവങ്ങളുടെ വേനലും മഴയും ഇവിടെയുണ്ട്. ജീവിതം അതിന്റെ ഇരുട്ടും വെളിച്ചവും വിതറി നിൽക്കുന്നു. കഥകാരൻ ഭാവനക്കും അതിന്റെ സാക്ഷാത് കാരത്തിനും വലിയ സാധ്യതയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് ഈ പുസ്തകത്തിന്റെ വായന ഉന്മേഷഭരിതമാവുന്നു.
ഈ കഥകളിലെ ജീവിതം വായനക്കാരോട് ആഴത്തിൽ സംവദിക്കുന്നവയാണ്.കാരണം ജീവിതത്തിന്റെ സുതാര്യ ആവീഷ്ക്കാ രമാണ് നടത്തുന്നത്. ഏതെങ്കിലുമൊരു സന്ദർഭത്തിന്റെ സൂക്ഷ്മതയാണ് കഥാകാരൻ ഇവിടെ തിരഞ്ഞെടുക്കുന്നത്.അതുകൊണ്ട് സങ്കീർണ്ണത കളിലേക്ക് വായനക്കാരനെ നയിക്കുന്നില്ല,ഒരു ബിന്ദുവിലേക്കുമാത്രം ആകർഷിക്കാൻ കഴിയുന്നു.സന്ദർഭത്തിന്റെ തീഷ്ണത അനുഭവിപ്പിക്കുന്നു.അതുകൊണ്ട് ഓരോ കഥകളും മനസ്സിൽ ആഴത്തിൽ മുദ്രിതമാവുന്നു, മറക്കാത്ത കഥകളായി മാറുന്നു.
ഏത്രയോ മനുഷ്യമുഖങ്ങളാണ് ഈ കഥകളിൽ പ്രത്യക്ഷമാവുന്നത്. ജീവിതത്തോടെ ആഭിമുഖ്യം പുലർത്തുന്നവരാണ് ഓരോരുത്തരും. വിഭിന്ന
സാഹചര്യങ്ങളിൽ നിന്നാണ് അവർ കടന്നു വരുന്നത്. ജീവിതത്തിന്റെ രണഭൂമിയിലാണ് ഈ മനുഷ്യർ പൊരുതുന്നത്. ഒരാളിന്റെയും നിഴൽ ഒരിക്കലും ആവർത്തിക്കുന്നില്ല.സൂക്ഷ്മമായ നിരീക്ഷണങ്ങളും കൃത്യമായ അനുഭവങ്ങളും കൊണ്ടാണ് ഓരോ കഥാ പാത്രങ്ങളെയും നിർമ്മിച്ചിരിക്കുന്നത്. നാട്ടിൻപുറത്തിന്റെ നന്മയും സുഗന്ധവും പൊഴിക്കുന്നവരാണ് പല കഥാ പത്രങ്ങളും. ചെറിയ ലോകവും, ചെറിയ ജീവിതവും ആഗ്രഹിക്കുന്നവരാണ് പലരും.
ഇരുപതു കഥകളാണ് ഈ പുസ്തകത്തിലുള്ളത്.എല്ലാം’ചെറുകഥകൾ ‘തന്നെയാണ്. ഓരോന്നിലും ചെറുതിന്റെ വലിയ സൗന്ദര്യം ആസ്വദിക്കാം. ‘പ്രണയമഴ കുടയ്ക്കുള്ളിൽ’എന്ന കഥ തന്നെ അതിന്റെ വലിയ സാക്ഷ്യമാണ്.നന്ദിനിയും നന്ദകിഷോറും തമ്മിലുള്ള ബന്ധത്തിന്റെ ആർദ്രതയും ആത്മാർത്ഥതയും സൂക്ഷ്മമായി അവതരിപ്പിക്കുന്നു.അതിഭാവുകത്വത്തിലേക്ക് വഴുതി വീഴാതെയാണ് അത് നിർവഹിക്കുന്നത്.’കുമാരേട്ടന്റെ വിശേഷങ്ങളി’ലെ കുമാരേട്ടൻ സാധാരണ കേരളീയ ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത കഥയാണ്. ഇത്തരം മനുഷ്യർ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. നന്മയുടെയും സ്നേഹത്തിന്റെയും പര്യായങ്ങളുമാണ് അവമനുഷ്യനും മരവും തമ്മിലുള്ള ആത്മബന്ധത്തിന്റെ അനുഭവമാണ്, ‘ഓർമ്മിക്കാൻ ഒരു മാമ്പഴക്കാലം’ എന്ന കഥ. ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ് ‘വഴികാട്ടികൾ.’ റിയാലിറ്റിക്കും ഫാന്റസിക്കും ഇടയിലൂടെയാണ് ആ കഥകടന്നുപോകുന്നത്.ആത്മഹത്യ പരിഹാരമല്ല എന്ന സന്ദേശമാണ് അത് നൽകുന്നത്. ഇങ്ങനെ നന്മകളുടെ സന്ദേശവും സ്നേഹത്തിന്റെ പ്രകാശവും നൽകുന്ന കഥകളാണ് ഓരോന്നും.
മാറുന്നസാഹിത്യ ലോകത്ത് ഇത്തരം കഥകൾക്കും പ്രസക്തിയുണ്ട്.
ഈ കഥകൾക്കൂടി വായനക്കാർ ആഗ്രഹിക്കുന്നുണ്ട്. ജീവിതത്തിന്റെയും കഥയുടെയും ചെറുതുരുത്തുകൾക്ക് എപ്പോഴും സാധ്യതയും സന്ദർഭവും ഉണ്ട്. അത് ഫലപ്രദമായി കണ്ടെത്താൻ സുധാകരൻ പുതുക്കുളങ്ങരക്ക് കഴിയുന്നു.കഥയുടെ വിശാല ലോകം ഈ കഥാകാരന് മുൻപിൽ തുറന്നു കിടക്കുന്നു.അതിലൂടെ വീണ്ടും സഞ്ചരിക്കട്ടെ.
(അവതാരിക)
Sharon Cleetus –
സുഹൃത്തുക്കളെ,
പ്രണയമഴ കുടയ്ക്കുള്ളിൽ ഏറെ ചിന്തകളിലേക്ക് നമ്മേ കൂട്ടികൊണ്ട് പോകും.. ചിലപ്പോൾ ഈ ബുക്ക് വായിക്കുന്നത്തോടെ നിങ്ങളുടെ സ്വപ്നങ്ങൾക്കും ചിറക് മുളയ്ക്കും.. തീർച്ച. എന്തുകൊണ്ടും വായനക്കാർക്കും വായനാ ശീലം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കും നൂറ് ശതമാനം ഈ ബുക്ക് ഉപകാരപ്പെടും.