സിനിമ മാധ്യമചിന്തകൾ: കെ. ബാലകൃഷ്ണൻ നായർ
സിനിമ മാധ്യമചിന്തകൾ
കെ. ബാലകൃഷ്ണൻ നായർ
മലയാള സിനിമ – മാധ്യമ എഴുത്തിലെ സുപ്രധാന ലേഖനങ്ങളുടെ സമാഹാരം.
“പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾത്തന്നെ അദ്ദേഹം ഒട്ടേറെ സിനിമാ സംബന്ധിയായ ലേഖനങ്ങൾ എഴുതിയിരുന്നു. ഇവയൊക്കെ ആധികാരികവും ഉയർന്ന അക്കാദമിക് നിലവാരം പുലർത്തുന്നവയും ആയിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിന്റെ ഭാഗമായി ഒട്ടേറെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ചില അന്തർദേശീയ ചിത്രങ്ങൾ അവിടെ മാത്രമേ പ്രദർശിപ്പിച്ചിരുന്നുള്ളൂ. ജാപ്പനീസ് സംവിധായകനായ നാഗിസ ഓഷിമയുടെ ചിത്രങ്ങൾ ഇതിൽപ്പെടുന്നു. അങ്ങനെയുള്ള ഒട്ടേറെ ചിത്രങ്ങളെക്കുറിച്ച് ബാലൻ എഴുതിയിരുന്നു. അവരുടെ സിനിമാലോകം ആരെക്കാളും വിശാലമായിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകാരിൽ ബാലനും കള്ളിക്കാട് രാമചന്ദ്രനും മാത്രമാണ് എഴുത്തിലേക്ക് വന്നത്.”
— എം എഫ് തോമസ് (മുൻ ചിത്രലേഖ സെക്രട്ടറി, ഫിലിം എഴുത്തുകാരൻ)
“തന്റെ തട്ടകമായിരുന്ന പൂനാ ഫിലിം ഇൻസ്ടിട്യൂട്ടിൽ 1976-79 കാലത്തു വിദ്യാർത്ഥിയായിരുന്നപ്പോൾ തുടങ്ങിയ ചലച്ചിത്ര എഴുത്തുകളും അവലോകനങ്ങളും ഡിജിറ്റൽ നീരാളിപിടിത്തത്തിന്റെ കാലഘട്ടംവരെ അദ്ദേഹം ഒരു മാധ്യമകുതുകിയെപോലെ സ്വാംശീകരിച്ചു. സിനിമയും ഡിജിറ്റൽ ആയതോടെ എല്ലാ ഫിലിം രചയിതാക്കളും ഡിജിറ്റൽ മാധ്യമത്തെ മൊത്തമായി കാണേണ്ട അവസ്ഥാവിശേഷം നേരത്തെ മനസ്സിലാക്കിയ അപൂർവം ചിലരിൽ ഒരാളാണ് ബാലൻ. അതിന്റെ വരുംവരായ്കകളെ മാധ്യമവിപ്ലവത്തെ പറ്റിയുള്ള എഴുത്തുകളിലൂടെ അദ്ദേഹം വിശദീകരിക്കാൻ ശ്രമിച്ചു.” – വി കെ ചെറിയാൻ
***
കെ. ബാലഷ്ണൻ നായർ: തിരുവനന്തപുരത്തു ജനിച്ചു. ആലുവ യു.സി. കോളേജിൽനിന്ന് സൈക്കോളജിയിൽ ബിരുദം നേടിയ ശേഷം, പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 1979ൽ സിനിമാസംവിധാനത്തിൽ ഡിപ്ലോമ നേടി. പൂനയിൽനിന്നുതന്നെ മലയാളത്തിൽ സിനിമാ എഴുത്തു് ആരംഭിച്ചു, കലാകൗമുദി, ഫിലിം മാഗസിൻ, മാതൃഭൂമി, സമകാലിക മലയാളം വാരിക എന്നിവയിൽ ഗഹനമായ സിനിമ-മാധ്യമ സംബന്ധിയായ ലേഖനങ്ങൾ 2016ൽ അദ്ദേഹം മരിക്കുംവരെ എഴുതി. ചിത്രലേഖ ഫിലിം സഹകരണ സ്ഥാപനത്തിന്റെ അവസാന കാലഘട്ടത്തിൽ പ്രവർത്തിച്ചു. അതിനുശേഷം മുംബൈയിൽ ഫിലിം ഡിവിഷനിൽ സംവിധായകനായി പ്രവർത്തിച്ചു. ഒട്ടേറെ ഡോക്യുമെന്ററികൾ നിർമ്മിച്ചിട്ടുണ്ട്.
***
പേജ്: 432
സൈസ്: ഡിമൈ 1 /8
