KAADANAVANNUDUPPUM VEEDUM by V M GIRIJA

99.00

Indian rupee (₹) - INR
  • Indian rupee (₹) - INR
  • United States dollar ($) - USD
Category:

Description

KAADANAVANNUDUPPUM VEEDUM

(POEM) BY

V M GIRIJA

 

“ഈ  കവിതയിലെ  കവിതയെവിടെ  എന്നൊരന്ധാളിപ്പാണ്  വീണ്ടും  വീണ്ടും  വായിക്കുമ്പോഴും  ഗിരിജയുടെ  ഈ  നീലിമല  കയറ്റം  എനിക്ക്  തന്നത് ..സത്യത്തിൽ   കവി  മല  കയറാൻ  ഉദ്യമിക്കുന്നതേയില്ല .പകരം  ഈ  കവിതയിലെ  കവിതയെല്ലാം   കാടാക്കി  പൊടുന്നനെ  മാറ്റിക്കളഞ്ഞിട്ടു  പത്ത്  ചുവട്  പുറകോട്ട്  മാറി  നിന്ന്  ഒരു  മഹാ  ദർശനത്തിന്റെ  ദൃഷ്ടാവും  ദൃശ്യവുമായി  മാറി  മാറി  ഒരു  കളി  കളിക്കുകയാണ് .””ഞാൻ  അല്ലാതെ ഏത്  പുഴ “”എന്നറിഞ്ഞു  കൊണ്ടു  “കാടവിടെയും  ഞാനിവിടെയും  കാണാൻ  എന്നെ  വിളിക്കൂ “എന്ന്  ഒരു  കണ്ണു പൊത്തിക്കളി  ആരംഭിക്കുകയാണ് .അതിൽ  അങ്ങേ  തലയ്ക്കു  കളിക്കുന്നവൻ ചുരുൾ  മുടിയിൽ  അമ്പിളിത്തെല്ലണിഞ്ഞ  ചിതറിത്തെറിക്കുന്ന  രുദ്രാക്ഷവും  മഞ്ചാടി  മാലയും  ധരിച്ച ,അമ്മ  പെറാത്ത  ,വിശന്നാൽ  മാത്രം  വില്ലെടുക്കുന്ന  ശിവാംശധരനായ  ഒരു  കാട്ടു ബാലകനാണ്.(അവനെക്കുറിച്ചുള്ള  പരമ്പരാഗത  ഐതിഹ്യത്തെക്കുറിച്ചു  കവിക്കുള്ള  സംശയങ്ങൾ  കവിത  ഉന്നയിക്കുന്നുണ്ട് ആദിമരായ ജനതയെ  അധികാരത്തിന്റെ  അഹന്തയാൽ  തമ്സ്കരിക്കുമ്പോഴും  അവരുടെ  ജൈവബോധത്തിലെ  വന്യ  വിശുദ്ധിയിലേക്കാണ് ബാലനെ  ധ്യാനിയായ  ഗുരു  പിന്നീട്  കൂട്ടിക്കൊണ്ടു  പോയത്) .  ഇങ്ങേ  തലയ്ക്കൽ താനാണ് വനം  വഴി  പുഴ  സുഗന്ധം ശരണവും  എന്ന്  ഉത്തമബോധ്യമുണർന്നിരിക്കുമ്പോഴും പുഴയായി,  അവനെ  പോറ്റുന്ന  തരുണിയായി,പുരുഷപ്രകൃതി  മാത്രം  ജന്മ  കോശങ്ങളിൽ പേറേണ്ടി  വന്ന  ബാലനു   കാവൽ  നിൽക്കുന്നു  നദിയുമാകാശവും   പൊൻ ,മണി ,കരി  നാഗങ്ങളുമെന്നു  കാൺകെയും  അവരിൽ  നിന്നു അവനെ   കടം  കൊണ്ടു  ഇവനൊരു  വിലമതിക്കാനരുതാത്ത  നിധിയെന്നു  കണ്ട് പോറ്റി  കുളിപ്പിച്ചൂട്ടി കഥ  പറഞ്ഞു മുലയണയ്ക്കാൻ  വെമ്പുന്ന  ഒരു  സാധാരണ  സ്ത്രീയായും  കളം  മാറി  കളിക്കുന്ന  ഒരു സ്വയം  കളിയും  നമുക്ക്  കാണാം .അവളാണ് പെണ്ണിന്  പ്രണയം  വെറുമൊരു  ഇന്ദ്രിയാനുഭവം  മാത്രമാണോ  എന്നു ആരായുന്നത് .

 

പുലിയും  പശുവും  ഒരുമിച്ച്  മേയുന്ന ,പുല്ല്  മേഞ്ഞ വീട്ടിലെ  അഹിംസാമന്ത്രം  അയ്യനെ  ദീക്ഷിപ്പിക്കുന്ന  നിസ്വനായ  ബുദ്ധഗുരുപദം സ്ത്രീകൾക്കന്യമാകുന്നത്  എങ്ങിനെ  എന്നു  സംശയിക്കുന്നവളും അവൾ  തന്നെ.  അമ്മയില്ലാതെ  പിറന്ന അയ്യൻ  കാടിനാകെ  പാൽ  ചുരുത്തുന്ന  പെണ്ണായി  മാറുന്ന  കാഴ്ചയും  കാട്ടിത്തന്നു   കൊണ്ടു  എക്കാലത്തെയും  ഒരു  ദാർശനിക  സമസ്യ  ചരിത്രത്തോടും  കാലത്തോടും ചോദിക്കുന്നുണ്ട്   കവി .പുരുഷ – പ്രകൃതി  സംയോഗമാകുന്ന  പ്രപഞ്ച  ലീലയിൽ  പ്രാണൻ  കൊടുക്കുന്നവൾക്ക്  എന്താണ്  അരുതായുള്ളതു ?.കവിത  തുടങ്ങുമ്പോൾ  താൻ  തന്നെയാണ്  അയ്യനും  അടവിയും  എന്ന അറിവിന്റെ  ആ  ആദിമപേയം  ആവോളം  കുടിച്ചുന്മത്തയാണ്  താൻ  എന്ന്   വെളിവാക്കപ്പെടുന്നുണ്ട് .അത്  കൊണ്ടാണ്  കവിത  അവിടെ  അവസാനിക്കുകയും   കവിത്വം  വാക്കായും  അക്ഷരമായും  വചനമായും കുരുത്ത്  പൊടുന്നനെ പുൽപ്പൂക്കളും  കണ്ണീർ  പോലെയുള്ള  ഒഴുക്കും ,മാമ്പഴത്തിലേയും  ,കൊന്നപ്പൂക്കളിലെയും  മഞ്ഞയും സുഗന്ധം ,സാന്ദ്ര ശാന്തവുമായ  മൃദു  ശ്വേതാ  നീലവുമായ കാടകമായി  മാറിപ്പോവുന്നത്    അവിടെയാണ്  ഇരുണ്ട  നീണ്ട  മിഴികളും  സ്നേഹത്തിന്റെ  കടൽ  കരുതിയ  മുലകളുമുള്ള പുലിപ്പെണ്ണിനെയും   അവളുടെ  ഒപ്പം  സൂര്യ  ചന്ദ്രന്മാർ  മിഴികളിയിത്തീർന്ന  കാനനം  തന്നെ  വീടുമുടുപ്പുമായവനെയും  നാം   കണ്ടെത്തുന്നത് .അവനൊരിക്കലും  പുലിപ്പുറമേറി വരുന്നില്ല .

 

അയ്യൻ  എന്ന ബാലൻ  ഒരിടത്തും  ഒരു  വിഗ്രഹ  മൂർത്തിയാകുന്നില്ല  കവിതയിൽ .അവൻ  ബാല്യത്തിൽ  കാടിനെ  കണ്ടും  കൊണ്ടും  ഒപ്പമുണ്ടും കളിക്കൊപ്പമാമാനകളെയും  വെയിൽ  നൂല്  പോലെ  നീളുന്ന  മലമ്പാബുകളെയും   ചേർത്തും  തിമിർത്തു  ആടുന്നൊരു  കേളി  കാട്ടുന്നു  കവി .അവിടെ  നിന്ന്  കാടിന്  കരുണയുടെയും  ആനന്ദത്തിന്റെയും നിലാവ് പോലെയുള്ള  പാൽ  ചുരത്തുന്ന  അയ്യാ  രൂപത്തിലേക്ക്  അവൻ  വളരുമ്പോഴും  തന്റെ  കേളികൾ  അവസാനിപ്പിച്ചു  ഒരിടത്തിരിക്കുന്ന  ഒരു  മാമുനി  ബിംബത്തിലേക്കല്ല  പരിണമിക്കുന്നത് .പ്രകൃതിയിൽ  നിന്നും  ഒരണു  പോലും  അന്യത്വം  ഇല്ലാത്ത  അപരിമേയമായ  പ്രശാന്തത   കൈവരിക്കുന്ന വ്യത്യസ്തമായ  തഥാ ഗത  പ്രത്യക്ഷമായി  മാറുകയാണ് .തന്റെ  പൈതൃക തുടർച്ച പോലെ ഒരേ  സമയം  ആണായും  പെണ്ണായും  നിലകൊള്ളുന്നു അയ്യൻ  .കളിമ്പമാർന്ന  പ്രകൃതി  ആയിരിക്കെ  അതിന്റെ  ഉടയനും  ഉയിരുമായി  മാറി  ആദികാരണഭൂതനായി  സ്ഥിതി   ചെയ്യുന്നു .ഗുരുവിന്റെ  വാക്ക്  ഗുരുത്വത്തിന്റെ  പരകോ ടി യായ സമമെന്ന  സ്ഥായിയിൽ  അവനെ സ്ഥിതനാക്കുന്നു    തന്റെ  ആദിമ വന്യതയുടെ  കാഠിന്യം  വെടിഞ്ഞു  ആദി  കാരണത്തിനുമപ്പുറമുള്ള  കരുണയിലേക്ക്  ഉണർന്നു  പോയിരിക്കുന്നു അയ്യൻ .അത്  കൊണ്ടാണ് എല്ലാ  മുട്ടകളും ,മൊട്ടുകളും  ആനകളും  കടുവകളും  അവനു  തോഴരായിമാറിയത് ..അത്  കൊണ്ടാണ്  അവനിലേക്കുള്ള  വഴി  ഒരു  പൂവുമറുക്കാതെയും  മുള്ളും  കല്ലും  മാറ്റാതെയും  ആയിരിക്കുന്നത് .അത്രത്തോളം  സഹജമായിരിക്കുന്നത്  കൊണ്ടാണ്  ഒരേ  സമയം അത്  എളുപ്പവും  എളുപ്പമല്ലാതെയും  ഇരിക്കുന്നത് .കാറ്റിന്  മാത്രം  കൈ  പിടിച്ചു  കയറ്റി  അവനൊപ്പമിരുത്താൻ കഴിയുന്ന   ഒരു   കയറ്റമാണത് .

 

എന്നാൽ  ഞാൻ  അവിടെയെത്തുമ്പോൾ  എന്നെ  പുലിപ്പുറത്തു  കയറ്റണമെന്നും അടുത്തിരുത്തണമെന്നും  ആവശ്യപ്പെടുന്നത്  ഒരു  രസികൻ  തമാശയുമാണ് .അതിലും  രസമാണ്  അവിടെയെന്തോക്കെ  ഉണ്ടാവുമെന്ന്  അത്ഭുത  സംഭ്രമങ്ങളോടെയുള്ള  ചോദ്യങ്ങൾ . പൊന്തയിൽ  പുലിയുണ്ടോ ,,അവിടെ  മണ്ണുണ്ടോ ,മരത്തണലുണ്ടോ ,കേറ്റം  കഠിനമാണോ , നമുക്കൊരുമിച്ചു  പമ്പയിൽ  കുളിക്കാൻ  കഴിയുമോ എന്നൊക്കെ  സഞ്ചിയും  ചെരിപ്പുമണിഞ്ഞു  പുറപ്പാടാൻ  വെമ്പി  നിൽക്കുന്ന  ആശങ്കകൾ ….അതൊക്കെ  സത്യമാണെന്ന്  കരുതിപ്പോകും  നമ്മൾ  “കാട്ടിൽ   കുരുത്തതാണിന്നലെ  “എന്ന  ഓര്മപെടുത്താലും  “ഇല്ലതിൽ  പെണ്ണ്  എന്നായിരിക്കുമോ “എന്ന  പരിഹാസവും “കൂട്ടുകാരാ  എന്റെ  പ്രണയ  തെളിച്ചത്തിന്റെ  പ്രഭയിൽ     നീ  കാട്ടിൽ  നിന്ന്  കവിതകൾ  പഠിക്കൂ   “എന്ന  ഉപദേശവും വിസ്മരിച്ചാൽ. ഇതേ നിഗൂഢ  സ്മിതമാണ്  കാടും  പുൽപ്പരപ്പും  പുലിക്കൂട്ടവും  പുഴയും  മറന്ന്  വിമാനത്തിൽ  വന്നിറങ്ങുന്നവരോട്  “ഇനിയിപ്പോ  വിമാനത്തിലൊക്കെ  വന്നത്  കൊണ്ടു  മരണം  തൊടാതിരിക്കുമോ “എന്ന  ചോദ്യം ..കാതു എരിക്കുന്ന  ഇരമ്പൽ  പോലെ,ക്രുദ്ധ  മൃഗമമർത്തിയ  മുരൾച്ച  പോലെ   ബോധ സത്വമായ  കവിത     കാടായി  ഞാനായി നിന്ന്  ഈ  കവിതയിൽ  അത് ചോദിച്ചു  കൊണ്ടിരിക്കുന്നു .സ്വന്തം  സ്വത്വത്തിൽ  നിന്ന്  ഇറങ്ങി  വരാൻ  അത് കൂട്ടാക്കുന്നതേയില്ല ..

 

Sreedevi S Kartha

Reviews

There are no reviews yet.

Be the first to review “KAADANAVANNUDUPPUM VEEDUM by V M GIRIJA”

Your email address will not be published.