Description
ആദിമുതൽ എന്നേക്കും
കഥകൾ
പി. ഹരികൃഷ്ണൻ
അവതാരിക
കഥയുടെ ആട്ടവിളക്ക്
– ജോസ് പനച്ചിപ്പുറം
കഥയറിയാതെ ആട്ടം കാണുന്നത് നിഷിദ്ധവും നിരർഥകവുമാകുന്നത് കഥകളിയിലാണ്.
ആട്ടവിളക്കിനു മുൻപിലുള്ള തലയാട്ടം കഥയറിഞ്ഞിട്ടാണോ അറിയാഞ്ഞിട്ടാണോ എന്നു തിരിച്ചറിയാവുന്ന വിദഗ്ധരുണ്ടത്രേ. ആട്ടം കാണുമ്പോൾ തലയാട്ടം താനേ വരുമെന്നു കരുതുന്നവരുമുണ്ട്.
കഥയുള്ള മറ്റു മിക്ക കലാരൂപങ്ങളിലും കഥയറിഞ്ഞിരുന്നാലാണ് രസച്ചരടിനു ബലക്ഷയമുണ്ടാകുക. നാടകത്തിലും സിനിമയിലുമൊക്കെ തുടർരംഗങ്ങളിലൂടെ കഥ വികസിക്കുന്നതും ആ വികാസപരിണാമ നിമ്നോന്നതങ്ങളിൽ പ്രേക്ഷകർ മുങ്ങിപ്പൊങ്ങുന്നതുമാണ് ആസ്വാദനം. നാടകമായാലും സിനിമയായാലും കളികൾ പലതുള്ളതിനാൽ കഥ ചോർന്നുപോകാൻ സാധ്യത കൂടുതലാണെങ്കിലും കഥാപാത്രങ്ങളിൽ പരകായപ്രവേശം നടത്താനുള്ള കാണികളുടെ കഴിവനുസരിച്ചിരിക്കുന്നു തലയാട്ടം.
മുൻകൂട്ടിയെഴുതിവച്ച പദമാടുന്നതല്ല ജീവിതം എന്നതിനാൽ കഥയെഴുതുന്നയാളും വായിക്കുന്നയാളും കഥയറിയാത്ത ആട്ടത്തിനൊപ്പമാണ് സഞ്ചരിക്കുന്നത്. അടുത്ത വാക്യത്തിന്റെ വളവുതിരിവിൽ കഥ ഏതുവഴി തിരഞ്ഞെടുക്കുമെന്നറിയാതെയുള്ള വായനയിൽ കുറ്റവും ശിക്ഷയുമില്ലാത്ത അപസർപ്പകതയുണ്ട്. കഥകൾ ചെറുതായാലും വലുതായാലും കഥയറിയാത്ത ആട്ടഭംഗിയുടെ അനുഭവമാണ് വായന.
കഥകളിയിൽ കഥ മുഴുവനറിയുന്നതും ആട്ടം മുഴുവൻ കാണുന്നതും ആട്ടവിളക്കാണ്. എല്ലാ നല്ല കഥകളിലും അദൃശ്യമായൊരു ആട്ടവിളക്കിന്റെ വെളിച്ചം വീഴുന്നുണ്ട്. അതു ജീവിതത്തിന്റെ പ്രകാശമാണ്. കണ്ടറിയുന്നതും കാണാതറിയുന്നതുമായ ജീവിതാനുഭവങ്ങളിൽനിന്ന് കഥയെഴുത്തുകാരന് അനുവദിച്ചു കിട്ടുന്ന അസുലഭമായൊരു ആട്ടപ്രകാശം. ഈ പ്രകാശത്തിന്റെ ഒരു നുറുങ്ങ് എഴുത്തിന്റെ ഭാഷാവേലികൾ മറികടന്ന് നമ്മോടൊപ്പം ഇറങ്ങിപ്പോരുന്നെങ്കിൽ വായന ധന്യമായി.
ഈ ദിശയിലുള്ള മിന്നലാട്ടങ്ങൾ ബാക്കിവയ്ക്കുന്നു എന്നതിലാണ് പി. ഹരികൃഷ്ണന്റെ കഥകളുടെ സാധുത. നിത്യജീവിതത്തിന്റെ സാധാരണ തലങ്ങളിൽനിന്നാണ് ഹരികൃഷ്ണന്റെ കഥകളുണ്ടായി വരുന്നത്. അവ വളർച്ചയെത്തി ആട്ടപ്രകാശം പരത്തുന്നത് വായനക്കാർ തിരിച്ചറിയാതിരിക്കില്ല.
ഗ്രാമജീവിതത്തിന്റെ കാഴ്ചകളിലേക്കു മടങ്ങാനാഗ്രഹിക്കുന്ന കണ്ണുകളാണ് കഥാകാരനുള്ളത്. അതുകൊണ്ടുതന്നെയാവണം ആ ജീവിതം വരച്ചിടുമ്പോൾ തൊട്ടെടുക്കാവുന്ന ദൃശ്യാത്മകത എഴുത്തിനു കൈവരുന്നത്.
‘തുണിക്കടയിലും തയ്യൽ മെഷിനിലും ആതിരയിലുമായി ഒതുങ്ങിക്കൂടിയ മനസ്സെടുത്തു നിവർത്താൻ സാവിത്രി തയാറായില്ല’ എന്ന് ‘ഉറവ’ എന്ന കഥയിലെഴുതുമ്പോൾ വായനക്കാർക്കു കണ്ടുതൊട്ടറിയാൻ ഒരു വസ്ത്രവിസ്തൃതിയാണ് കഥാകാരൻ തീർക്കുന്നത്. കാണാവുന്ന ഈ എഴുത്തിന്റെ തുടർച്ച തന്നെയാണ് ‘തുമ്പപ്പീടിക’ എന്ന കഥയിലെ ‘വരണ്ടുണങ്ങിയ പാടം വല്യമ്മയുടെ മുഖം പോലെ തന്നെ ചുക്കിച്ചുളിഞ്ഞിരുന്നു’ എന്നതും.
‘കഥാപാത്രങ്ങളും പങ്കെടുത്തവരും’ എന്ന കഥയിൽ കർട്ടനുയരുന്നത് ഏതോ നാടകത്തിന്റെ എഴുതാരംഗത്തു കുടുങ്ങിപ്പോയ ഒരു ഹതഭാഗ്യന്റെ ജീവിതത്തിലേക്കാണ്. നാടകത്തിന്റെ ആ ബിംബശില്പത്തിന് കഥയിലൊരിടത്തും ഭംഗം വരുന്നുമില്ല.
‘മോതിര വള്ളി’ എന്ന കഥയുടെ തുടക്കം ചിത്രമില്ലാത്ത ചിത്രമെഴുത്തിന്റെ ഭംഗികളാവാഹിച്ചു നിൽക്കുന്നു:
‘‘പള്ളിക്കൂടം ഇരിക്കുന്നിടം ഒരു ചെറിയ കുന്നാണ്. ടാറിട്ട വഴിയിൽ നിന്നു തുടങ്ങുന്ന പടികൾ കയറിച്ചെന്നാൽ ആദ്യം എൽ.പി കെട്ടിടം. അതിന്റെ മുറ്റത്ത് പടികൾ അവസാനിക്കുന്നിടത്ത് ഒരു മരമുണ്ട്. ഒട്ടുമിക്ക ദിവസങ്ങളിലും അതിന്റെ പഴുത്തുവീണ മഞ്ഞയിലകൾ ചവിട്ടിയാണ് ഞങ്ങൾ ക്ലാസ്സിലേക്ക് കയറുന്നത്. എൽ.പി കെട്ടിടത്തിനു പിറകിലായി വീണ്ടും പടിക്കെട്ട്. അതു കയറിച്ചെല്ലുന്നത് വാട്ടർ ടാങ്കിലേക്കും പിറകിലുള്ള യു.പി കെട്ടിടത്തിലേക്കുമാണ്. റോഡരികിലെ സ്കൂൾ ഗേറ്റ് മിക്കവാറും തുറന്നാണ്. അഥവാ അടച്ചുപോയാൽ അത് ‘കരകര’ കരയും.
പള്ളിക്കൂടത്തിന് എതിർവശം റോഡിനോടു ചേർന്നു പാടമാണ്. വെട്ടുക്കിളികളെ ഓടിക്കാൻ കുട്ടിച്ചേട്ടൻ പാട്ട കൊട്ടി നിൽക്കുന്ന പാടം. പാടം കഴിഞ്ഞാൽ തോട്. ടാങ്കിൽ വെള്ളമില്ലാത്ത ദിവസങ്ങളിൽ ഞങ്ങൾ ചോറ്റുപാത്രം കഴുകിയിരന്നത് തോട്ടിലാണ്. തോടു കഴിഞ്ഞാൽ വീണ്ടും ഒരു കുന്നു തുടങ്ങുകയായി. മിക്കവാറും കുടിച്ചു ചുവന്ന കണ്ണുകളുമായി നടക്കുന്ന ബേബിച്ചന്റെ പലകയടിച്ച വീട് പാടത്തുനിന്നാൽ കാണാം. അതിനുമുപ്പുറം വലിയ റബർ തോട്ടമാണ്. തോട്ടത്തിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ഒരു നടപ്പുവഴി കണ്ടിട്ടുള്ളതല്ലാതെ ഞാൻ അതിലേ പോയിട്ടില്ല. ആ തോട്ടത്തിലെ വിജനതയിൽ വച്ച് ഒരിക്കൽ അഭിലാഷ് പ്രേതത്തെ കണ്ടു പേടിച്ചുവത്രെ. മഹേഷ് പറഞ്ഞുള്ള അറിവാണ്. അതിനുശേഷമാണ് അഭിലാഷ് പേടിച്ചുതൂറിയായതെന്നാണ് മഹേഷിന്റെ പക്ഷം. റോഡരികിൽ ഗേറ്റിനോട് ചേർന്നാണ് നെല്ലിക്കാച്ചേടത്തി ഇരിക്കുന്നത്. നിറം മങ്ങിയ ഒരു ടാർപോളിൻ മുമ്പിൽ വിരിച്ചിട്ടുണ്ടാകും. കാറ്റു പറത്താതെ അതിന്റെ നാലു മൂലകളിലും ഓരോ കല്ലുവയ്ക്കും. പിന്നീട് അതിൽ കച്ചവട സാധനങ്ങൾ നിരത്തും. നെല്ലിക്ക, ചാമ്പങ്ങ, ലോലോലിക്ക. പിന്നെ മോതിരവള്ളിയും മോതിരവും. മജന്ത, നീല നിറങ്ങളിൽ മോതിരവള്ളിയുണ്ടാകുമെങ്കിലും മജന്തയാണ് പ്രിയം. മോതിരം നെയ്തെടുക്കാൻ അറിയാത്തവർക്കായി റെഡിമെയ്ഡ് മോതിരവുമുണ്ട്. റെയ്റ്റ് അല്പം കൂടും. ചാമ്പങ്ങയും ലോലോലിക്കയും ചിലപ്പോൾ കണ്ടെന്നുവരില്ലെങ്കിലും നെല്ലിക്ക ഉറപ്പായ ഐറ്റമാണ്’’.
നാട്ടിൻപുറത്തിന്റെ സൂക്ഷ്മഭംഗികൾ ഹരികൃഷ്ണന്റെ മിക്ക കഥകളിലും തെങ്ങോല വീശിനിൽക്കുന്നു.
ഇക്കഥകളുടെ പതിഞ്ഞ താളം പലപ്പോലും ടി.പത്മനാഭന്റെ കഥകളെ ഓർമിപ്പിക്കുന്നുണ്ട്. പത്മനാഭൻ കഥകളിലെന്നതുപോലെ കാരുണ്യത്തിന്റെ ചെറിയ ചെറിയ ഉറവകൾ പൊട്ടിയൊഴുകുന്നുണ്ട് ഹരികൃഷ്ണന്റെ പല കഥകളിലും.
വാക്യങ്ങൾ അപൂർണമായി നിർത്തി ഭാവപൂർണിമ കൈവരിക്കുന്ന പത്മനാഭൻ ശൈലിയും ഹരികൃഷ്ണനെ സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നു. വഴിമധ്യേ അയാളുടെ മനസ്സിലേക്കു പലതും …… എന്നു കുത്തിട്ടു നിർത്തുമ്പോൾ വായനക്കാരന്റെ ഭാവനയും മനോധർമവുമനുസരിച്ച് ആ പലതിനു വ്യാപ്തി കൂടും; കൂടാം. കഥപറച്ചിലിലെ അർഥവത്തായ അർധവിരാമങ്ങൾ നല്ല കഥകളിൽ വിശാലതകൾ തന്നെയാകുന്നു.
എല്ലാ നല്ല കഥകളും അപൂർണമാകുന്നു; വായനക്കാരന്റെ മനസ്സും ഭാവനയും ചേർന്ന് അവയ്ക്കു പുതിയ സാധ്യതകളുടെ ചമൽക്കാരങ്ങൾ നിർമിച്ചു നൽകുന്നതുവരെ.
Reviews
There are no reviews yet.