നനഞ്ഞ മണ്ണടരുകൾ

(1 customer review)

175.00

Indian rupee (₹) - INR
 • Indian rupee (₹) - INR
 • United States dollar ($) - USD
Category:

Description

നനഞ്ഞ മണ്ണടരുകൾ
നോവൽ
ജോണി മിറാൻഡ

ഓര്‍മകളും വിഭ്രമങ്ങളും തെറിയും പ്രാക്കും കൊണ്ട് ശവക്കുഴിയില്‍ കിടക്കുന്ന പിതാക്കളെപ്പോലും ഉണര്‍ത്തിവിടുന്ന ഭാവന.  ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ഒരേ മൂല്യവും പ്രാതിനിധ്യവും കിട്ടുന്ന ആഖ്യാനം.  ചരിത്രം മൂടല്‍മഞ്ഞുപോലെ പൊതിഞ്ഞുനില്ക്കുന്ന കാലത്തിന്‍റെ ഭൂ-ഖണ്ഡങ്ങള്‍.  എത്ര കണ്ടാലും കേട്ടാലും പറഞ്ഞാലും എഴുതിയാലും മടുക്കാത്ത, മതിവരാത്ത, അനുഭവിക്കാതെ ആരും തൃപ്തരാകാത്ത ഒറ്റ വിഷയമേ ഈ ഭൂമിയിലുള്ളൂ- മരണം.  നനഞ്ഞ മണ്ണടരുകള്‍ മരണത്തിന്‍റെ ഖണ്ഡകാവ്യമാണ്. ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പുസ്തകവും.

റിയലിസത്തിന്‍റെ പാരമ്യത്തില്‍ പ്രത്യക്ഷമാകുന്ന മാജിക്കല്‍ റിയലിസത്തിന്‍റെ ദൈനംദിനത്വവും ഈ നോവലിന്‍റെ ഭാവസ്പന്ദമായി നിലനില്‍ക്കുന്നു.  മൃതഭീതിയുടെ അമ്ലം നിറ‍ഞ്ഞ കഥനകലകൊണ്ട് നനഞ്ഞ മണ്ണടരുകള്‍ മലയാളഭാവനയില്‍ സൃഷ്ടിക്കുന്നത് ഇക്കിളിയല്ല, ഉള്‍ക്കിടിലമാണ്.  ശവശൈത്യം പോലെ എല്ലു തുളച്ച് ഉള്ളിലേക്ക് കത്തിക്കയറുന്ന മാന്ത്രിക യാഥാര്‍ത്ഥ്യത്തിന്‍റെ സാത്താന്‍ കൊന്പുകളാണ് കഥയായി വേഷം മാറി ഈ കൃതിയില്‍ മുളച്ചുപൊന്തുന്നത്.

Study: Dr. Shaji Jacob

1 review for നനഞ്ഞ മണ്ണടരുകൾ

 1. vcbooks BookEditor

  “അറിഞ്ഞോ അറിയാതെയോ പറയാതെ പോകുന്ന ഒരു പാട് രഹസ്യങ്ങളും കൊണ്ടാണ് എല്ലാവരും ജീവിതത്തിൽ നിന്ന് തിരിച്ചു പോകുന്നത് . സ്വന്തം ജീവിതത്തോടൊപ്പം കുഴിച്ചു മൂടപ്പെടണം എന്നാഗ്രഹിച്ചു കാത്തുപോരുന്ന , അല്ലെങ്കിൽ ഒരു പക്ഷെ ജീവിതാന്ത്യം വരെ ഒരു പീഡാനുഭവമായി കൊണ്ട് നടക്കാൻ വിധിക്കപ്പെട്ട രഹസ്യങ്ങൾ ഒരാൾ ചിതയിലോ കല്ലറയിലോ എത്തും മുമ്പേ അനാഥമായി തീരും . പിടിവിട്ടു പുറത്തു ചാടാൻ വെമ്പിയ ഒരു രഹസ്യത്തിന്റെ രസച്ചരടിലാണ് നനഞ്ഞ മണ്ണടരുകൾ എന്ന നോവലിൽ ജോണി മിറാൻഡ വായനക്കാരനെ കോർത്തിടുന്നത് .
  ജോണി മിറാന്ഡയെ. ന്യൂന പക്ഷത്തിലെത്തന്നെയും ന്യൂന പക്ഷമായ ആംഗ്ലോ ഇന്ത്യൻ ജീവിതങ്ങളുടെ എഴുത്തുകാരൻ എന്ന് പാർശ്വവൽക്കരിക്കുയല്ല ,വാഴ്ത്തുകയാണ് വേണ്ടത് . മാർക്കേസിന്റെ മക്കോണ്ട പോലെ ഒരു പ്രദേശമാണ് ജോണിയുടെ പോഞ്ഞിക്കര . അവിടുത്തെ പുത്തൻ സംസ്‌കൃതിയുടെ കടന്നുകയറ്റമില്ലാത്ത തനതു ജീവിതം ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയുള്ള ഒപ്പീസ് , പുഴയുടെ പര്യായം , നനഞ്ഞ മണ്ണടരുകൾ എന്നീ മൂന്നു നോവലുകളിലും ഒട്ടും ആവർത്തിക്കാതെ , തീർത്തും വിഭിന്നമായും പേർത്തും പേർത്തും പുതുമയോടെയും ഹൃദ്യമായും ആവിഷ്കരിക്കാൻ ജോണിക്കു കഴിഞ്ഞിട്ടുണ്ട് .
  നനഞ്ഞ മണ്ണടരുകൾ എന്ന ഈ നോവൽ ജീവിച്ചിരിക്കുന്നവരേക്കാൾ മരിച്ചു പോയവരുടെ ജീവിതകഥയാണ് . പറയാതെ പോയ ഒരു ഗൂഢരാഗത്തിന്റെ കഥനമാണ് . യൗവനത്തിൽ വിധവയായ മേബിൾ , അവരുടെ എഴുപതുകളോടടുത്ത പ്രായത്തിൽ തന്റെ ആത്മമിത്രമായ റോസിയിൽ നിന്നുമാണ് , റോസിയുടെ ഭർത്താവായ പെദിരോച്ചയ്ക്ക് തന്നോടുണ്ടായിരുന്ന കടുത്ത പ്രേമം അറിയാനിടവരുന്നത് . പെദിരോച്ച മരണം കാത്തികിടക്കുന്ന സമയങ്ങളിലാണ് റോസി ഈ രഹസ്യം മേബിളിനോട് പങ്കുവെയ്ക്കുന്നത് . ഭർത്താവിന്റെ പ്രണയം തിരിച്ചറിഞ്ഞ റോസി അയാളോടൊപ്പമുള്ള ശയ്യാവേളകളിൽ താൻ മേബിളാകുന്നു എന്നറിയുന്നുവെങ്കിലും അതിന്റെ പേരിൽ ഒരിഷ്ടക്കേടും കാട്ടിയില്ല . റോസിയും പെദിരോച്ചയുമായുള്ള സൗഹൃദം ഏതൊരു വിവാഹിതരെയും കൊതിപ്പിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത് . പെദിരോച്ച മേബിളിനോട് പറയാതെ പോയ രാഗവായ്പുകൾ റോസി അനുഭവിച്ചറിഞ്ഞത് ഒട്ടും തീവ്രത ചോരാതെ മേബിളിനെ അറിയിക്കുന്നുണ്ട് . മലയാള സാഹിത്യത്തിലെ ഏറ്റവും തീവ്രമായ അനുരാഗാവിഷ്കാരമാണ് ഇവിടെ സംഭവിച്ചത് .
  മേബിളിന്റെ സഹോദരനും ഒരു കുടുംബത്തിന്റെ അത്തണിയുമായിരുന്ന ലോറൻസച്ചയെക്കുറിച്ചുള്ള ഒരു രഹസ്യമാണ് റോസിക്ക് മേബിളിനോട് മറ്റൊരവസരത്തിൽ അവസാനമായി പറയാനുണ്ടായിരുന്നത് .
  റോസിയുടെ പെട്ടെന്നുണ്ടായ മരണത്തോടെ ശയ്യാവലംബിയായ മേബിളിന്റെ മനസിൽ പിടിതരാതെ പോയ ആ രഹസ്യത്തിന്റെ കാറ്റും കോളും ഓളമിളക്കുന്നു . ആ ഓർമ്മകളുടെ സരണിയിലാണ് പൂർണ്ണമായും കഥയുടെ ചുരുളഴിയുന്നത് .
  കാല്പനികതയുടെ കലർപ്പില്ലാത്ത തീർത്തും സ്വാഭാവികമായ ഒരു എഴുത്തുഭാഷയാണ് ജോണിയുടെ ഏറ്റവും വലിയ ആയുധം . സ്പഷ്ടമായ ഭാഷയുടെ സുതാര്യതയിൽ നിന്ന് തന്നെ യാഥാർഥ്യങ്ങളെ ജാലമാക്കി മാറ്റുന്ന കരവിരുതാണ് വായനക്കാരനെ ഉന്മത്തനാക്കുന്നത് .
  മറ്റൊരു തരത്തിൽ ചിന്തിക്കുമ്പോൾ ഇത് ജീവിച്ചിരിക്കുന്നവർക്കു ഒപ്പീസ് ചൊല്ലിയ ജോണി മിറാൻഡയുടെ ഒരു പ്രായശ്ചിത്തമാണ് . മരിച്ചുപോയവർക്കു വേണ്ടിയുള്ള ഒപ്പീസ് എന്നാവേണ്ടിയിരുന്നു ഈ പുസ്തകത്തിന്റെ പേരെന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു .
  ഒരു ഇച്ഛാഭംഗവും ഈ പുസ്തകത്തിന്റെ വായന എന്നിൽ അവശേഷിപ്പിച്ചിരിക്കുന്നു. പറയാതെയോ അറിയാതെയോ കൈവിട്ടു പോയ ഒരു പ്രണയമെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവർക്കു ഈ പുസ്തകം സമ്മാനിക്കാമായിരുന്നു .
  ഇതുവരെ മലയാള ഭാഷയിൽ ഇറങ്ങിയ മികച്ച നോവലുകളുടെയൊപ്പം ജോണി മിറാൻഡയുടെ ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയുള്ള ഒപ്പീസും പുഴയുടെ പര്യായവും നനഞ്ഞ മണ്ണടരുകളും തലയുയർത്തി നിൽപ്പുണ്ട് .
  ബോണിതോമസ് നോവലിന് വേണ്ടി വരച്ച ചിത്രങ്ങൾ ലോക നിലവാരത്തിലുള്ളതാണ് . നോവലിന്റെ മികവിന് കിരീടമാകുന്നുണ്ട് അദ്ദേഹത്തിന്റെ രേഖാചിത്രങ്ങൾ .”

  അജിത് നീലാഞ്ജനം

Add a review

Your email address will not be published.