*പൊള്ളിച്ചിട്ടും* *പൊലിയാത്തവൾ**** രേഷ്മ ഖുറേഷി / ലിജീഷ്കുമാർ

Published by on November 13, 2020
Categories: Uncategorized

*പൊള്ളിച്ചിട്ടും* *പൊലിയാത്തവൾ*
………………………………….
രേഷ്മ ഖുറേഷി / ലിജീഷ്കുമാർ

”കട്വമ്ലം പോലെയാണ് ദുരന്തങ്ങൾ,
സത്യത്തിന്റെ സ്വർണ്ണമൊഴിച്ച്
മറ്റെല്ലാറ്റിനെയും അതു നീറ്റിക്കളയുന്നു!”
– ഡി.എച്ച്.ലോറൻസ്.

അമ്ലമെന്നാൽ ആസിഡാണ്. കട്വമ്ലമെന്നാൽ സൾഫ്യൂരിക് ആസിഡ് പോലെ ആസിഡുകളുടെ രാജാവ്. ലിറ്റ്മസ് കടലാസിന്റെ മാത്രമല്ല അതുവരെ ജീവിച്ചിരുന്ന ജീവിതത്തിന്റെ പോലും നിറം ഒറ്റയടിക്ക് മാറ്റിക്കളയും അയാൾ. അങ്ങനെ നിറം കെട്ടുപോയ പകലുകളിൽ നിന്ന് വെളിച്ചം തേടിപ്പറന്ന ഒരു പക്ഷിയുടെ കഥയാണിത്. തീച്ചൂടിലോടുങ്ങാതെ ചാരം തട്ടിപ്പറന്ന രേഷ്മ ബാനോ ഖുറേഷി എന്ന ഫീനിക്സ് പക്ഷിയുടെ കഥ.

പതിനേഴാമത്തെ വയസ്സിലാണ് ഇടത് കണ്ണുള്‍പ്പെടെ മുഖത്തിന്റെ ഒരു വശം മുഴുവന്‍ ആസിഡ് ആക്രമണത്തില്‍ രേഷ്മയ്ക്ക് നഷ്ടപ്പെടുന്നത്. ഇന്നവൾക്ക് 22 വയസ്സാണ്. വേദനയുടെയും സഹനത്തിന്റെയും വിഭ്രാന്തിയുടേയും പോരാട്ടത്തിന്റെയും അഞ്ച് വർഷങ്ങളുടെ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിനനുവദിച്ച പ്രത്യേക അഭിമുഖത്തിൽ രേഷ്മ പറയുകയാണ്.

അത് കേൾക്കുമ്പോൾ കണ്ണുകള്‍ സങ്കടം കൊണ്ട് നിറയും. പക്ഷേ അവളുടെ മുഖത്ത് തിളക്കമായിരുന്നു. പുഞ്ചിരിച്ചു കൊണ്ട് രേഷ്മ ഖുറേഷി പറയുന്നു, ‘മെയ്ക്ക് ലവ്, നോട്ട് സ്‌കാർസ്!!’

⭕ രേഷ്മ ഖുറേഷിയെ എല്ലാവർക്കും അറിയാം. അറിയാത്തത് പഴയ രേഷ്മയെയാണ്, 17 തികയും മുമ്പുള്ള  രേഷ്മയെ. അവളെക്കുറിച്ച് പറയാമോ ?

രേഷ്മ : ഞങ്ങൾ അഞ്ച് മക്കളാണ്, മൂന്ന് പെണ്ണും രണ്ടാണും. ഞാനായിരുന്നു ഏറ്റവും ചെറിയ കുട്ടി. ഭയങ്കര വികൃതിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എങ്കിലും ബാബക്കേറ്റവും ഇഷ്ടം എന്നെയായിരുന്നു. ബാബ ടാക്സി ഡ്രൈവറായിരുന്നു. അന്നൊക്കെ എന്തെങ്കിലും ആഗ്രഹിച്ചാൽ എത് വിധേനയും ഞാനത് നേടിക്കളയുമായിരുന്നു. ഒരിക്കൽ ആപ്പിൾ വാങ്ങാൻ ഞാൻ എന്റെ സ്വർണ്ണാഭരണം വിറ്റിട്ടുണ്ട്. അത്ര അലമ്പായിരുന്നു !! അന്നാണ് ഉമ്മയുടെ കൈയ്യിൽ നിന്ന് ആദ്യമായി തല്ല് വാങ്ങുന്നത്. ഉമ്മ പാവമായിരുന്നു. ഉമ്മയ്ക്ക് കാൻസറാണെന്ന് ഉറപ്പായ ദിവസം മുതലാണ് ബാബയുടെ കണക്കുകൂട്ടലുകൾ തെറ്റുന്നത്. എന്നിട്ടും ഞങ്ങളുടെ ചെറിയ ജീവിതം നിറം കെടാതെ ബാബ കൊണ്ടുപോയി.

⭕ നിറം കെട്ടുപോയ ദിവസം ഓർമ്മയുണ്ടോ ?

രേഷ്മ : ആ ദിവസം മാത്രം ഞാനിപ്പഴും ഓർക്കുന്നുണ്ട്. 2014 മെയ് 19 നാണത്, എനിക്കന്ന് 17 വയസ്സ്. ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നു. ഗുൽഷൻ, അതാണവളുടെ പേര്. ആ വിവാഹം വലിയ തെറ്റായിപ്പോയെന്ന് ബാബ എപ്പഴും പറയുമായിരുന്നു. ഭക്ഷണം പോലും അവൾക്ക് കൊടുക്കാത്ത ദുഷ്ടനായ ഭർത്താവായിരുന്നു അയാൾ. ചേച്ചിയെ തല്ലുകയും പല രീതിയിലും ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഉപദ്രവം കൂടിയപ്പോൾൾ അവള് മക്കളേം കൂട്ടി ഞങ്ങടെ വീട്ടിലേക്ക് പോന്നു. അവൾക്ക് 2 മക്കളാണ്. മൂത്ത മകനന്ന് നാല് വയസ്സാണ്. അവൾ തിരികെ പോകേണ്ട എന്ന് തീരുമാനിച്ചതോടെ ഞങ്ങളവന് സ്കൂൾ ഒക്കെ കണ്ടെത്തി. പക്ഷേ ഒരു ദിവസം അവരവനെ പിടിച്ച് കൊണ്ടുപോയി. അവനെ തിരികെ കിട്ടാനാണ് അയാൾക്കെതിരെ കേസ് കൊടുക്കുന്നത്. ഹിയറിംഗിന്റെ ദിവസമാണ് അയാളും അയാളുടെ ഗുണ്ടകളും എന്നെ ആക്രമിക്കുന്നത്.

⭕ നിങ്ങളെന്ത് ചെയ്തു ! പ്രശ്നം മുഴുവൻ അയാളും നിങ്ങളുടെ ചേച്ചിയും തമ്മിലല്ലേ ?

രേഷ്മ : ഞാനന്ന് മുംബൈയിൽ നിന്ന് അലഹാബാദിലേക്ക് പരീക്ഷ എഴുതാൻ പോയതായിരുന്നു. ഞങ്ങടെ മൗ ഐ മ സ്റ്റേഷനിൽ നിന്ന് പത്ത് നാൽപ്പത് കിലോമീറ്ററുണ്ട് അലഹബാദിലേക്ക്. സ്റ്റേഷനിലൂടെ ചേച്ചിക്കൊപ്പം നടക്കുകയായിരുന്നു ഞാൻ. അവളുടെ ഭർത്താവും ബന്ധുക്കളും ഞങ്ങളെയും കാത്ത് സ്റ്റേഷനിൽ ഒളിച്ച് നിൽപ്പുണ്ടായിരുന്നു. നിഖാബിൽ മൂടിയത് കൊണ്ട് ഞങ്ങളെ തമ്മിൽത്തിരിച്ചറിയാൻ പ്രയാസമായിരുന്നെങ്കിലും അയാൾ അവളുടെ കൈക്ക് തന്നെയാണ് ആദ്യം പിടിച്ചത്. അവളെന്നോട് ഓടാൻ പറഞ്ഞു. ഞങ്ങളോടി. പെട്ടന്ന് പുറകിൽ നിന്ന് അവരിലാരോ എന്റെ മുടിക്ക് പിടിച്ചു. അയാളെന്നെ നിലത്തേക്കെറിഞ്ഞു. ഞാൻ പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചിരുന്നു, അപ്പഴേക്കും എന്റെ മുഖത്ത് അയാൾ ആസിഡ് ഒഴിച്ചു. വേദനകൊണ്ട് പുളഞ്ഞ് ഞാൻ കരഞ്ഞ് നിലവിളിച്ചു. എവിടെ നിന്നൊക്കെയോ ആളുകൾ ഓടിക്കൂടുന്നത് ഞാൻ കണ്ടു. എന്റെ അലറിക്കരച്ചിൽ കേട്ട് അവരങ്ങനെ നിന്നു. ആരും ഒരടി മുന്നോട്ട് വെച്ചില്ല. രക്ഷിക്കൂ രക്ഷിക്കൂ എന്ന് ഞാനുച്ചത്തിൽ വിളിച്ചപേക്ഷിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്തുണ്ടായിട്ടും അവരാരും അത് കേട്ടില്ല. അവരെന്നെ കണ്ടു, കേട്ടില്ല.

⭕ നിങ്ങളെ എന്നും കാണുന്ന മനുഷ്യരല്ലേ ! അല്ലെങ്കിൽ മനുഷ്യരല്ലേ !! എന്നിട്ട്,

രേഷ്മ : അവസാനം ദൈവത്തെപ്പോലെ ഒരാൾ വന്നു. അയാളെന്നെ ബൈക്കിൽ കയറ്റി. പാവം, ആ വണ്ടിയോട്ടത്തിനിടെ അയാൾക്കും പൊള്ളി. ആശുപത്രിയിലെത്തിയപ്പോൾ അവരും വിചിത്രമായാണ് പെരുമാറിയത്. ഇത്ര അപകടാവസ്ഥയിൽ വന്നിട്ടും ആരും എന്നെ നോക്കിയതേയില്ല. “ഇതെന്റെ അനിയത്തിയാണ്. ഇവളുടെ മുഖത്ത് മറഞ്ഞത് ആസിഡാണ്. ദയവായി അവളെ ഒന്ന് നോക്കൂ.” എന്ന് പറഞ്ഞ് ഗുൽഷൻ കരഞ്ഞ് നിലവിളിക്കുന്നത് ഞാൻ കേട്ടു. “ഇതൊരാശുപത്രിയാണ്. ഇവിടെല്ലാവരും തിരക്കുള്ളവർ തന്നെയാണ്. നിങ്ങൾക്ക് മാത്രമെന്താണ് പ്രത്യേകതയിരിക്കുന്നത്?” എന്ന് കൂട്ടുകാരികൾക്കൊപ്പം കാപ്പി കുടിക്കാൻ പോകുന്നതിന് മുമ്പ് ഒരു നഴ്സ് ഗുൽഷനോട് തട്ടിക്കയറുന്നതും ഞാൻ കേട്ടു. പാവം ഉമ്മ, ആസിഡ് എന്താണെന്നൊന്നും അവർക്കറിഞ്ഞുകൂടായിരുന്നു. മുഖത്തെ ആസിഡ് ദുപ്പട്ട കൊണ്ട് അവർ തുടച്ച് കളയാൻ നോക്കി. ദുപ്പട്ട അതിലേക്കൊട്ടിപ്പിടിച്ചതും ഉമ്മയുടെ ബോധം പോയി. അല്പാല്പമായി സ്കിന്നിനെ ആസിഡ് അലിയിച്ച് കളയുമെന്ന് ഇന്നെനിക്കറിയാം. വെള്ളമെങ്കിലും ഒഴിച്ചാൽ ആസിഡിന്റെ വീര്യം കുറയുമെന്നും പൊള്ളലിന്റെ തീവ്രത കുറയുമെന്നും അറിയാം. അന്നതൊന്നും അറിഞ്ഞു കൂടായിരുന്നു. അറിയാവുന്ന ഡോക്ടർമാരോ നഴ്സുമാരോ എന്നെ തിരിഞ്ഞു നോക്കിയില്ല. റിയാസ്, അയ്സാസ്, നർഗ്ഗീസ്, എന്റെ സഹോദരീ സഹോദരന്മാരെല്ലാം ഹെൽപ്പ്ലെസ്സായിരുന്നു. കേസ്രി ഹോസ്പിറ്റൽ എന്നെ അഡ്മിറ്റ് ചെയ്യാൻ തയ്യാറായില്ല. എന്റെ വെന്തുരുകിയ മുഖത്തേക്ക് നോക്കാതെ അവർ മറുപടി പറഞ്ഞു, “എഫ്.ഐ.ആറില്ലാതെ അഡ്മിറ്റ് ചെയ്യാൻ കഴിയില്ല”. വേദനിച്ച് നീറി അഞ്ചാറ് മണിക്കൂർ നേരം ഞാൻ പോലീസ് സ്റ്റേഷനിലിരുന്നു.

⭕ ഈ മുഖത്തോടെയോ ?

രേഷ്മ : ഈ മുഖത്തോടെയല്ല. ആസിഡ് വീണ് ഉരുകിയൊലിക്കുന്ന വികൃതമായ മുഖത്തോടെ. ഇത് പോലല്ല, ഭീകരമാണത്. “ഇതൊരു 17 വയസ്സുള്ള പെൺകുട്ടിയാണ്, ദയവായി അവളെ സഹായിക്കൂ.” എന്ന് കരഞ്ഞ ചേച്ചിയോട്, “പതിനേഴുകാരികളൊക്കെ ഇപ്പോൾ വലിയ ബുദ്ധിമതികളാണ്. വെറുതേ ഒരു എഫ്.ഐ.ആർ എഴുതാനൊക്കുമോ. ഇതിവൾ സ്വയം ചെയ്തതാണെങ്കിലോ?” എന്ന് ചോദിച്ച് ചിരിക്കുന്ന വഷളനായ പോലീസ് ഓഫീസറുടെ ശബ്ദം എന്നെ ഭ്രാന്ത് പിടിപ്പിച്ചു. ഞാൻ മരിക്കാൻ പോവുകയാണ്. എന്നെ കൊല്ലൂ എന്ന് പുലമ്പി ഞാൻ മറിഞ്ഞ് വീണപ്പഴാണ് ദയാലുവായ ഒരു പോലീസുകാരൻ ബിലാക് ഹോസ്പിറ്റലിന്റെ ആംബുലൻസ് വിളിച്ച് വരുത്തി അതിലേക്കെന്നെ കയറ്റുന്നത്. സംഭവം നടന്ന് ഏഴ് മണിക്കൂറിന് ശേഷമാണത്. എന്റെ ചുറ്റുമുള്ള ലോകം ഇരുണ്ട് പോയതായി എനിക്ക് തോന്നി. എന്റെ കണ്ണുകൾ എക്കാലത്തേക്കുമായി അടഞ്ഞിരിക്കുന്നു എന്ന് ഞാൻ പേടിച്ചു. ഞാൻ സഹിച്ച വേദനയെക്കാൾ ഭീകരമായിരുന്നു എന്റെ ഭീതി. കിട്ടാവുന്നതിൽ ഏറ്റവും മോശം ചികിത്സയും ഏറ്റവും മോശം പെരുമാറ്റവുമാണ് ആ ഗവൺമെന്റ് ഹോസ്പിറ്റലിൽ നിന്ന് എനിക്ക് കിട്ടിയത്. ബാബയും സഹോദരന്മാരും അവിടുന്നെന്നെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. നാല് മാസം ഞാനവിടെ കിടന്നു. എന്റെ മെഡിക്കൽ ബില്ലടയ്ക്കാൻ ബാബ ടാക്സി വിറ്റു. ഹോസ്പിറ്റലിലെ ആദ്യ നാളുകളിലൊക്കെ രണ്ട് കണ്ണ് കൊണ്ടും എനിക്ക് കാണാമായിരുന്നു. പിന്നെ ഇടതു കണ്ണ് പൂർണ്ണമായും അടഞ്ഞു. ചികിത്സ കിട്ടാതെ ഹോസ്പിറ്റലിലും പോലീസ് സ്റ്റേഷനിലുമായി ചെലവഴിച്ച സമയത്തിന് ഞാൻ കൊടുക്കേണ്ടി വന്ന വിലയാണത്. എനിക്ക് ചികിത്സ നിഷേധിച്ചവർ എന്റെ മുന്നിലെ പാതിലോകത്തെ ഇരുട്ടാക്കിക്കളഞ്ഞു.

⭕ അങ്ങനെ ഗവൺമെന്റ് – പ്രൈവറ്റ് ഹോസ്പിറ്റലുകളിലായി നാല് നാലര മാസം. തിരികെ വന്നിട്ട് ?

രേഷ്മ : അല്ല. അതു കഴിഞ്ഞ് മുംബൈക്ക് വന്നു. ഹോസ്പിറ്റലിലേക്ക് തന്നെ. കാഴ്ച തിരിച്ച് കിട്ടാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. നോർത്ത് സെൻട്രൽ മുംബൈയിലെ മുനിസിപ്പൽ ഹോസ്പിറ്റലിൽ വെച്ചാണ് സർജറി നടന്നത്. എന്റെ മുഴുവൻ കാഴ്ചയും നഷ്ടമായ്പ്പോകുമോ എന്ന പേടിയോടെയാണ് ഡോക്ടർമാർ സർജറി മുഴുവനാക്കിയത്. 15 ദിവസം കഴിഞ്ഞാണ് അവിടുന്ന് ഡിസ്ചാർജാകുന്നത്. വീട്ടിലെത്തിയിട്ടും വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. ഒരു കണ്ണ് ഇരുട്ട് നിറഞ്ഞ് കിടന്നു. വീട്ടിൽ എ.സി.യൊന്നുമില്ലായിരുന്നു.  ഹോസ്പിറ്റലിൽ നിന്ന് നേരെ ആന്റിയുടെ വീട്ടിലേക്കാണ് മടങ്ങിയത്. ആന്റിയുടെ വീട് നല്ലതായിരുന്നു. നല്ല മുറി, നല്ല ബാത്ത് റൂം, എ.സി. അതൊന്നും പക്ഷേ എനിക്കാസ്വദിക്കാൻ കഴിഞ്ഞില്ല. ആന്റിയുടെ വീട്ടിലെ വാഷ് റൂ കണ്ണാടിയിലാണ് ഞാനെന്നെ വീണ്ടും കാണുന്നത്. ഒരാറ് മാസമെങ്കിലും ആയിട്ടുണ്ടാകും ഞാനെന്റെ മുഖം കണ്ടിട്ട്. ഒറ്റ നോട്ടമേ ഞാൻ നോക്കിയുള്ളൂ. എനിക്ക് ഭ്രാന്ത് പിടിച്ചു. ആന്റിയോ മറ്റാരെങ്കിലുമോ എന്നെ കാണുന്നത് ഞാൻ വെറുത്തു. ഞാൻ വീട്ടിലേക്ക് മടങ്ങി.

⭕ വീട്ടിലേക്ക് മടങ്ങാനെടുത്ത ആ തീരുമാനമാണോ അടിയുറച്ച കാലുകളോടെ ഇവിടെ വരെ നടത്തിയത് ?

രേഷ്മ : അല്ല. ആകെ തകർന്നാണ് അന്ന് വീട്ടിൽ വന്ന് കയറിയത്. എന്റെ മുഖത്തെ എനിക്കിത്തിരിപ്പോലും ആക്സപ്റ്റ് ചെയ്യാൻ പറ്റുമായിരുന്നില്ല. എല്ലാവരോടും എല്ലാത്തിനോടും എനിക്ക് ദേഷ്യമായിരുന്നു. എനിക്കെന്നെ പൂർണ്ണമായും കൈവിട്ടു പോയിക്കഴിഞ്ഞിരുന്നു. ടോട്ടലി അപ്സറ്റ്. പതിയെപ്പതിയെ ഞാൻ ഡിപ്രഷനിലേക്ക് കൂപ്പുകുത്തി വീണു. അസ്വസ്ഥത നിയന്ത്രിക്കാൻ കഴിയാതെ വന്ന ഒരു നിമിഷം ഞാനെന്റെ സഹോദരന്റെ മുഖത്തേക്ക് കുപ്പിഗ്ലാസ് വലിച്ചെറിയുക പോലും ചെയ്തിട്ടുണ്ട്. പക്ഷേ അവനെന്നോട് ദേഷ്യപ്പെട്ടില്ല. 9 മാസം ! മര്യാദക്ക് ഉണ്ണാതെ, ഉറങ്ങാതെ, ഒരക്ഷരം ഉരിയാടാതെ ഒമ്പത് മാസം ഞാൻ പുറം ലോകം കാണാതെ വീട്ടിലിരുന്നു. എനിക്ക് സംഭവിച്ച ദുരന്തം എന്റെ കുടുംബത്തെയാകെ ബാധിച്ചിരുന്നു. ഞാൻ അവരുടെയെല്ലാം ചെറിയ കുട്ടിയായിരുന്നു. ബാബ തകർന്ന് പോയിരുന്നു. സഹിക്കാവുന്നതിലുമപ്പുറം എല്ലാവരെയും ഞാൻ കഷ്ടപ്പെടുത്തിയിട്ടുണ്ടാകും. പക്ഷേ അവരാരെയും മുഖം കറുത്ത് പോലും ഞാൻ കണ്ടില്ല. അവർക്കെല്ലാവർക്കും എന്നെ അത്ര ഇഷ്ടമായിരുന്നു. മുഖം ദ്രവിച്ച് പോയിട്ടും അവരുടെ ഇഷ്ടത്തിന് കുറവുണ്ടായിട്ടില്ല എന്ന് ഞാൻ അത്ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു.

⭕ അപ്പോൾ ഇതൊന്നുമല്ലാത്ത മറ്റൊരു ടേണിംഗ് പോയിന്റുണ്ട്. സന്തോഷവും ആത്മവിശ്വാസവുമെല്ലാം വീണ്ടെടുക്കാൻ സഹായിച്ച എന്തോ ഒന്ന്. എന്താണത് ?

രേഷ്മ : ഒന്നല്ല, രണ്ട് സംഭവങ്ങളുണ്ട് പറയാൻ. അദ്യത്തേത് റിയ ശർമയെ കണ്ടെത്തിയതാണ്. വീട്ടിൽ അടച്ച് പൂട്ടിയിരുന്ന 9 മാസം ഞാൻ പുറം ലോകത്തെ അറിഞ്ഞത് ഫേസ്ബുക്കിലൂടെയാണ്. റിയ ശർമയെയും അവരുടെ ‘മെയ്ക്ക് ലവ്, നോട്ട് സ്‌കാർസ്’ എന്ന സംഘടനയെയും ഞാൻ പരിചയപ്പെടുന്നത് എഫ്.ബിയിലൂടെയാണ്. മെഡിക്കലും ലീഗലും ഫിനാൻഷ്യലും സൈക്കോളജിക്കലുമായ പിന്തുണ ആസിഡ് അറ്റാക്കിന്റെ ഇരകൾക്ക് വാഗ്ദാനം ചെയ്യുന്ന സംഘടനയായിരുന്നു അത്. സി.എന്‍.ബി.സി – ടിവി 18 ന്റെ ബിസിനസ് ലീഡര്‍ അവാര്‍ഡ് ഫോര്‍ ബാന്‍ഡ് പുരസ്‌കാരം നേടുന്ന ആദ്യ സംഘടന. പരിചയപ്പെട്ട ദിവസം റിയ എന്നോട് സംസാരിച്ചത് മൂന്ന് മണിക്കൂറാണ്. ഞാനവളെ കാണുമ്പോൾ എന്റെ മുഖത്തിന്റെ സ്ഥിതി കഷ്ടമായിരുന്നു. നമുക്കിതൊക്കെ ഒന്ന് ഭംഗിയാക്കണം എന്ന അവളുടെ പറച്ചിൽ എനിക്ക് വല്ലാത്ത ആനന്ദം തന്നു. പക്ഷേ ആ സന്തോഷം പ്രാക്ടിക്കലാക്കാൻ വേണ്ടത് വലിയ തുകയായിരുന്നു. ട്രീറ്റ്മെന്റിന് വേണ്ട പണം കണ്ടെത്താൻ സഹായിച്ചതും റിയ തന്നെയാണ്. എന്റെ മുഖത്ത് ആസിഡ് വീഴുമ്പോൾ തിളയ്ക്കുന്ന വെള്ളം ഒഴിച്ചതാണെന്നാണ് ഞാൻ കരുതിയത്. ആസിഡ് അറ്റാക്കിനെക്കുറിച്ചൊന്നും ഞാൻ കേട്ടിട്ടുപോലുമില്ലായിരുന്നു. ആസിഡ് ആക്രമണത്തിൽ ഇരകളാക്കപ്പെട്ട പലരുടെയും പടങ്ങൾ റിയ എനിക്ക് കാണിച്ച് തന്നു. മുഖം നഷ്ടപ്പെട്ട കുറേ പെൺകുട്ടികൾ എന്നെക്കൂടാതെയും ഈ ലോകത്തുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് ജീവിക്കണമെന്ന് തോന്നി.

രണ്ടാമതൊന്നു കൂടി ഉണ്ടെന്ന് പറഞ്ഞല്ലോ. അത് സംഭവിച്ചത് മുംബൈയിലെ ഒരു ഹോസ്പിറ്റലിൽ വെച്ചാണ്. രണ്ട് കണ്ണുകളും മൂക്കും ആസിഡ് ആക്രമണത്തിൽ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ ഞാനവിടെ കണ്ടു. കുടുംബം പോലും അവളെ ഉപേക്ഷിച്ച് കളഞ്ഞിരുന്നു. എന്റെ സ്ഥിതി എത്ര മികച്ചതാണ് എന്ന്  പറഞ്ഞത് അവളുടെ മുഖമാണ്. എന്റെ ഭാഗ്യങ്ങളിൽ ഞാൻ വിശ്വസിച്ച് തുടങ്ങി.

⭕ തിരികെ വന്നപ്പോൾ എന്ത് തോന്നി, ലോകം മാറിപ്പോയിരുന്നോ ?

രേഷ്മ : ഒരു ദിവസം നമുക്കൊരു സിനിമയ്ക്ക് പോകാം എന്നും പറഞ്ഞ് ഒരു കസിൻ വന്ന് വിളിച്ചു. ഞാൻ കൂടെപ്പോയി. അങ്ങനെ നോർമലായി, പ്രത്യേകിച്ച് ഒരു കരുതലും തരാതെ ട്രീറ്റ് ചെയ്യുന്നത് എന്താശ്വാസമാണെന്നോ. സിനിമകൾ, ഷോപ്പിംഗ്, യാത്രകൾ പതിയെ ഞാൻ തിരിച്ച് വന്ന് തുടങ്ങി. പക്ഷേ ചിലരുടെ നോട്ടം എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. ഞാൻ കുറ്റവാളിയെപ്പോലെ മുഖം മറയ്ക്കാൻ ശ്രമിച്ചു. ഞാനെന്തിന് മുഖം മറയ്ക്കണം, തെറ്റ് ചെയ്തത് ഞാനാണോ ? ഒരക്രമം നടന്നാൽ ഇരകളെ എന്തിനാണ് പലരും തുറിച്ച് നോക്കുന്നതെന്ന് ഞാനാലോചിക്കും. ഇരകൾ എന്ന വിളിപോലും ക്രൂരമാണ്. എന്റെ അവസ്ഥ എന്ത് കഷ്ടമാണ് എന്ന് പരിതപിക്കാൻ പലരും വന്നു. ജീവിതം തിരിച്ച് പിടിക്കാൻ ഞാൻ നടത്തിയ പോരാട്ടത്തെക്കുറിച്ച് ഒരു നല്ല വാക്ക് പോലും അവർക്ക് പറയാനുണ്ടായിരുന്നില്ല. എന്റെ പ്രായത്തിലെ മറ്റെല്ലാ പെൺകുട്ടികളെയും പോലെ എന്നെ കാണൂ എന്ന് അവരോടെല്ലാം ഉച്ചത്തിൽ വിളിച്ച് പറയാൻ തോന്നിയിട്ടുണ്ട്. എന്ത് പിന്തുണയാണ് നാമിരകൾക്ക് നൽകാറുള്ളത് ? ആരും കൂടെ നിൽക്കാത്തതു കൊണ്ടാണ് ഈ മനുഷ്യർ വീടുകളിൽ ഒടുങ്ങുന്നത്. അന്ന് ആക്രമണം നേരിട്ടപ്പോഴും കൂടെ നിൽക്കാനല്ല, കണ്ട് നിൽക്കാനാണ് ആളുകൾ കൂടുതലുണ്ടായിരുന്നത്. തിരികെ വന്നപ്പോഴും ലോകം അങ്ങനെത്തന്നെയായിരുന്നു. ഒരു മാറ്റവുമില്ല. കണ്ടുനിൽക്കാൻ താത്പര്യമുള്ളവരാണ് കൂടുതൽ, കൂടെ നിൽക്കാനല്ല.

⭕ അല്ലാത്ത മനുഷ്യരുമില്ലേ, ഇന്നീ മുഖത്ത് വിരിയുന്ന ചിരിയുടെ അവകാശം
അവർക്കും കൂടെയല്ലേ ?

രേഷ്മ : എന്റെ അവകാശങ്ങൾക്ക് വേണ്ടി പൊരുതണമെന്ന് എന്നും ഓർമ്മിപ്പിച്ചിരുന്നത് എന്റെ സഹോദരനാണ്. ലോകത്ത് ആസിഡ് ആക്രമണത്തിനിരകളായ എല്ലാവർക്കും വേണ്ടി തലയുയർത്തി നിൽക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് അവനെന്നോട് പറഞ്ഞു കൊണ്ടിരുന്നു. അവൻ തന്ന ഊർജം ചെറുതല്ല. പുറത്തിറങ്ങിയപ്പോൾ ചിരിച്ച മുഖത്തോടെ സ്വീകരിച്ച കുറേപ്പേരുണ്ട്. അല്ലെങ്കിൽ ഞാനകത്തെ ഇരുട്ടിലേക്ക് തന്നെ പിന്തിരിഞ്ഞോടിയേനേ. ഒരു ദിവസം ഞാൻ മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്നു. ഫ്ലൈറ്റിലുണ്ടായിരുന്ന മൂന്ന് പേർ എന്നെ നോക്കി ചിരിച്ചു. പിന്നെ അവരെനിക്ക് മെസേജയച്ചു, “നീ സുന്ദരിയാണ്!” വീണ്ടും വീണ്ടും ഞാനത് വായിച്ചു. എനിക്കെന്തെന്നില്ലാത്ത ആനന്ദം തോന്നി. അത്യധികം സന്തോഷത്തോടെ ഞാൻ കണ്ണാടിയിൽ ചെന്ന് നോക്കി.

⭕ അപ്പോഴെന്ത് തോന്നി, സുന്ദരിയല്ലേ ?

രേഷ്മ : അല്ലേ ? സത്യമായും ഞാൻ സുന്ദരിയാണ്. എന്റെ മുഖം സ്പെഷൽ ആണ്. ഞാനിപ്പോൾ ഇടക്കിടെ കണ്ണാടി നോക്കാറുണ്ട്. പണ്ടൊക്കെ എത്ര കണ്ണാടികൾ ഭ്രാന്ത് പിടിച്ച് തല്ലിപ്പൊട്ടിച്ച് കളയാൻ നോക്കിയ ഞാനാണ്. ആത്മഹത്യ ചെയ്യാൻ നോക്കിയ ഞാനാണ് ! റസ്സൽ പവൽ എന്ന പ്രശസ്തനായ കാലിഫോർണിയൻ പെയിന്റർ ബ്ലാക്ക് ആൻഡ് വൈറ്റിൽ എന്നെ വരച്ചിട്ടുണ്ട്. ആ ചിത്രത്തിൽ തൊട്ടപ്പോൾ ഞാൻ കരഞ്ഞു പോയി. മെയ്ക് ലൗവ് നോട്ട് സ്‌കാര്‍ എന്ന എന്‍.ജി.ഒയുടെ സി.ഇ.ഒ. ടാനിയ സിംഗാണ്. അവൾ എനിക്കൊപ്പമിരുന്ന് പുസ്തകമെഴുതി, ബീയിങ് രേഷ്മ എന്ന ഓര്‍മക്കുറിപ്പ്. തീർച്ചയായും ഞാൻ സ്പെഷലാണ്. ആരെങ്കിലും വന്ന് വികൃതമാക്കാൻ ശ്രമിച്ചാൽ അതിന് കീഴടങ്ങിക്കൊടുക്കേണ്ട ബാധ്യത നമ്മുടെ ശരീരത്തിനില്ല. കൂടുതൽ സുന്ദരിയാവാനുള്ള ശ്രമങ്ങൾ അവിടെ ഉപേക്ഷിക്കുകയല്ല, അവിടെ ആരംഭിക്കുകയാണ് ചെയ്യേണ്ടത്.

⭕ രേഷ്മയുടെ ബ്യൂട്ടി ടിപ്സ് ഓൺലൈനിൽ ഹിറ്റാണ്. രേഷ്മ ഖുറേഷി ഇന്നൊരുഗ്രൻ വീഡിയോ ബ്ലോഗറാണ്. ഒരു ബ്ലോഗറാകുന്ന പോലല്ല വീഡിയോ ബ്ലോഗറാകുന്നത്. ക്യാമറയ്ക്ക് മുമ്പിൽ നിൽക്കാൻ നല്ല ധൈര്യം വേണം. എവിടുന്ന് വരുന്നു ഈ ധൈര്യമൊക്കെ ?

രേഷ്മ : ഒരിക്കൽ ഞാനീ മുഖത്ത് മേക്കപ്പേ ഇട്ടിരുന്നില്ല. പക്ഷേ ഇന്ന് ഞാനേറ്റവും ആസ്വദിക്കുന്നത് മേക്കപ്പിടലാണ്. എന്റെ ഫേവറേറ്റ് ലിപ് കളർ റെഡാണ്. ആദ്യത്തെ മെയ്ക് – അപ് വീഡിയോ തയ്യാറാക്കുമ്പോൾ ഞാൻ ഭയങ്കര ടെൻഷനിലായിരുന്നു. കുറേ ക്യാമറകൾ, ലൈറ്റുകൾ ! എന്താണ് സംഭവിക്കുന്നതെന്ന് എനിക്കൊരു പിടിയുമില്ലായിരുന്നു. പക്ഷേ അത് പുറത്തിറങ്ങിയപ്പോഴുണ്ടായ ചർച്ചകളും പിന്തുണയും എനിക്ക് തന്ന കോൺഫിഡൻസ് വളരെ വലുതാണ്. ഓരോ വീഡിയോകൾ അപ് ലോഡ് ചെയ്യുമ്പോഴും ഇനിയുമിനിയും കാഴ്ചക്കാരെ കൂട്ടാനാണ് ഞാൻ ശ്രമിക്കുന്നത്. എന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കാനല്ല, എനിക്ക് പറയാനുള്ളത് അവരോട് പറയാൻ. ആ വീഡിയോകളുടെ ഒടുക്കം ഞാൻ പറഞ്ഞ പരസ്യം, ‘ആസിഡുകൾ പോലെ ഈ ലിപ്സ്റ്റിക്കുകളും മാർക്കറ്റിൽ സുലഭമായിക്കിട്ടും’ എന്നാണ്. കടകളിൽ ആസിഡു വിൽക്കുന്ന ഈ രാജ്യത്തിന്റെ പിടിപ്പുകേട് എന്റെ കാഴ്ചക്കാർക്ക് മനസിലാകണം. എന്റെ വീഡിയോ ബ്ലോഗുകൾ ഫാഷൻ വീഡിയോകൾ മാത്രമില്ല, അതൊരു ഓൺലൈൻ ക്യാമ്പയിനിംഗ് കൂടിയാണ്. ഇനിയൊരാൾക്ക് ആസിഡ് ആക്രമണം നേരിടേണ്ടി വരരുത് എന്നതാണ് ആ വീഡിയോകളുടെ ലക്ഷ്യം.

⭕ ഗ്ലോബൽ ഫാഷൻ കലണ്ടറില്‍ എല്ലാവരും ഉറ്റ് നോക്കുന്ന ഇവന്റാണ് ന്യൂയോർക്ക് ഫാഷൻ വീക്ക്. കൂടുതൽ സുന്ദരിയാവാൻ ശ്രമിച്ച് ശ്രമിച്ച് അര്‍ച്ചന കോഛാര്‍ രൂപകല്പന ചെയ്ത ഗൗണ്‍ ധരിച്ച് രേഷ്മ എൻ.എഫ്.ഡബ്ല്യുവിലും ചുവടുവെച്ചു. ഫാഷന്‍ റാംപുകളില്‍ രേഷ്മ ഖുറേഷിയെ കാണുമ്പോൾ സന്തോഷം തോന്നുന്നു. ഒടുവിൽ ആഗ്രഹിച്ച ഉയരത്തിൽ എത്തി അല്ലേ ?

രേഷ്മ : മോഡലിംഗ് ഒരിക്കൽപ്പോലും എന്റെ സ്വപ്നങ്ങളിൽ ഇല്ലായിരുന്നു. ആസിഡ് ആക്രമണത്തിന് ശേഷം എന്റെ ഡോക്ടർക്കൊപ്പം മുംബൈയിൽ വെച്ചാണ് ഞാനാദ്യമായി ഒരു ഫാഷൻ ഷോ കാണുന്നത് പോലും. ഒരു ടീച്ചറാവാനായിരുന്നു എന്റെ ആഗ്രഹം. ലെവൻത് സ്റ്റാൻഡേർഡിൽ പഠിക്കുമ്പഴാണ് അവരെന്നെ അക്രമിക്കുന്നത്. തിരിച്ചു വന്നപ്പോൾ എനിക്കൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് ഇരകളാക്കപ്പെട്ടവർക്കും തിരിച്ച് വരവ് സാധ്യമാകണം എന്ന്. ഇനിയൊരാൾ ആ പട്ടികയിലിടം നേടരുതെന്ന്. ഈ ക്യാമ്പയിന്  വേണ്ടിയാണ് വീഡിയോ ബ്ലോഗ് ആരംഭിച്ചത്. ‘ഹാഷ് എൻഡ് ആസിഡ്’ (#EndAcid) ആയിരുന്നു എന്റെ ആദ്യത്തെ ഓൺലൈൻ ക്യാമ്പയിൻ. അതിന് വേണ്ടിയാണ് ഞാൻ ആദ്യം മോഡലാകുന്നത്. അന്നൊരുക്കിയ പോസ്റ്ററുകൾ വൈറലായിരുന്നു. കാൻസ് ലയൺസ് ഇന്റർനാഷണൽ ക്രിയേറ്റീവ് ഫെസ്റ്റിൽ ഗ്ലാസ് ലയണും ഗ്രാൻഡ് പിക്സും നേടി ആ ക്യാമ്പയിൻ. എന്റെ ബ്യൂട്ടി ടിപ്സിനും ക്യാമ്പയിനുകൾക്കും കിട്ടിയ അംഗീകാരമായിരുന്നു ന്യൂയോർക്ക് ഫാഷൻ വീക്ക്. ന്യൂയോർക്കിലെ റാമ്പിൽ എന്നെ കണ്ട ഒരു പെൺകുട്ടി പോലും അതിന് ശേഷം അവൾക്ക് സംഭവിച്ച ദുരന്തത്തെ ശപിച്ച് വീട്ടിൽ അടച്ചിരിക്കില്ല. അവർ പുറത്തിറങ്ങും. 2013 ൽ സുപ്രീം കോടതി പൊതു വിപണിയിലെ ആസിഡ് വില്പന നിരോധിച്ചിട്ടും ഓപ്പൺ മാർക്കറ്റിൽ ആസിസ് ഇന്ത്യയിൽ സുലഭമാണ്. ഒരു ഓർഡിനറി ഐ ലൈനർ വാങ്ങാൻ 100 രൂപ ചെലവുള്ള ഈ രാജ്യത്ത് വെറും 30 രൂപയ്ക്ക് നിങ്ങൾക്കാസിഡ് കിട്ടും. ഭരണാധികാരികളോ പോലീസോ ഇതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കില്ല. ഒറ്റക്കൊരു രേഷ്മ നടത്തുന്ന നിയമ പോരാട്ടങ്ങൾ ദുർബലമാണ്. മീഡിയയും ജനവും ഇതിനെതിരെ ഉണരണം. ന്യൂയോർക്കിൽ എന്നെ ചുറ്റി വളഞ്ഞ ഒരു മീഡിയയ്ക്ക് പോലും ആസിഡ് വിപണിയെക്കുറിച്ച് എഴുതാതിരിക്കാനാവില്ല.
സംശയമില്ല, ന്യൂയോർക്ക് എന്റെ ക്യാമ്പയിനുകളെ അതിന്റെ പീക്കിലെത്തിച്ചു. ഞാൻ ഹാപ്പിയാണ്. ഇപ്പോൾ വായിക്കാനൊക്കെ കുറച്ച് ബുദ്ധിമുട്ടുണ്ട്. പക്ഷേ അതൊക്കെ മറികടക്കാവുന്നതേയുള്ളൂ. ചിലപ്പോൾ ഞാനിനിയും പഠിച്ചേക്കും. ടീച്ചറാവുക എന്ന സ്വപ്നത്തിലേക്ക് മടങ്ങിയേക്കും.

⭕ മലയാളത്തിൽ ഉയരെ എന്നൊരു സിനിമ വരുന്നുണ്ട്. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെൺകുട്ടിയുടെ ജീവിതമാണത്. പാർവതിയാണ് പല്ലവിയായി അഭിനയിക്കുന്നത്‌. സിനിമ തീയേറ്ററിലെത്തിയാൽ രേഷ്മ അത് കാണുമോ, കടന്നു പോയതെല്ലാം വീണ്ടും ഓർമ്മിക്കാൻ ?

രേഷ്മ: എന്റെ ജീവിതം സിനിമയായി കാണണമെന്ന് എനിക്കാഗ്രഹമുണ്ട്. ഞാൻ നായികയായ ഒരു സിനിമ. രേഷ്മയുടെ റോളിൽ എന്നെക്കാൾ നല്ലൊരു ചോയ്സ് കിട്ടാനില്ല. പക്ഷേ എന്റെ കുട്ടിക്കാലം എനിക്കഭിനയിക്കാനാവില്ലല്ലോ, അല്ലേ !!

രേഷ്മ ചോദിക്കുന്നു, അവളുടെ കുട്ടിക്കാലം  തിരികെത്തരുമോയെന്ന്. ആസിഡ് വിറ്റ കടക്കാരനോട്, അക്രമികളോട്, ദുരന്തം കണ്ടാസ്വദിച്ച മനുഷ്യരോട്, ഡോക്ടർമാരോട്, നഴ്സുമാരോട്, പോലീസുകാരോട്, ഇവരെയെല്ലാം പനപോലെ വളർത്തിയ നിയമസംവിധാനത്തോട്, ഭരണകൂടത്തോട്, ഈ രാജ്യത്തോട് രേഷ്മ ബാനോ ഖുറേഷി ചോദിക്കുന്നു, അവളുടെ പെൺകുട്ടിക്കാലം അവൾക്ക് തിരികെക്കൊടുക്കാനാകുമോയെന്ന്.

(കടപ്പാട് : മാതൃഭൂമി ആഴ്ചപ്പതിപ്പ്)

Leave a Reply

Your email address will not be published. Required fields are marked *