രാവണൻ: അനാഥത്വത്തിന്റെയും ആത്മവീര്യത്തിന്റെയും ഒറ്റയാൾ പോരാളി

Published by on September 6, 2020
Categories: Uncategorized

രാവണൻ: അനാഥത്വത്തിന്റെയും ആത്മവീര്യത്തിന്റെയും ഒറ്റയാൾ പോരാളി
സനിത അനൂപ്

ഒരേ സമയം നായകനും പ്രതി നായകനും ആവുന്ന അപൂർവത രാവണന് മാത്രം സ്വന്തം. ആരെയാണ് ചതിക്കുന്നതെന്നോ ആര് ആരെയാണ് ചതിക്കുന്നതെന്നോ ,എപ്പോൾ എങ്ങനെ ചതിക്കപ്പെടുമെന്നോ അറിയാത്ത ഈ കാലത്തു രാവണൻ എന്ന കഥാപാത്രം ഇനിയും ഏറെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
രാമചന്ദ്ര പരമ്പരയിലെ മൂന്നാം പുസ്തകമായ ‘രാവണൻ : ആര്യാവർത്തത്തിന്റെ ശത്രു’ എന്ന പുസ്തകത്തിലൂടെ അമിഷ് എന്ന എഴുത്തുകാരൻ ലക്ഷ്യമിടുന്നതും അത് തന്നെയാണ്.രാവണനിൽ പാണ്ഡിത്യവും മൃഗീയമായ അക്രമവാസനയും ഉൾചേർന്നിട്ടുണ്ട്. പ്രതിഫലമിച്ഛിക്കാതെ പ്രണയിക്കുന്നവനും, പശ്ചാത്താപമില്ലാതെ കൊല്ലുന്നവനുമാണ് രാവണൻ. രാമചന്ദ്ര പരമ്പരയിലെ ത്രസിപ്പിക്കുന്ന ഈ മുന്നാം പുസ്തകം ലങ്കാധിപനായ രാവണനിലാണ് വെളിച്ചം വീശുന്നത്. ആ വെളിച്ചമാകട്ടെ ഇരുളിനെക്കാൾ കാളിമയാർന്ന ഇരുളിൽ പതിയ്ക്കുന്നു. ചരിത്രത്തിലോ ഏറ്റവും വെറുക്കപ്പെട്ട പ്രതിനായകനാണോ അയാൾ? അതോ എല്ലായ്‌പ്പോഴും ഇരുണ്ട ഇടത്തിൽ പെട്ടുപോയ ഒരാളോ?

ദാരിദ്ര്യത്തിലും ശണ്ഠകളിലും കലാപങ്ങളിലും താറുമാറായി കിടക്കുന്ന ഒരു നാട്, എതാണ്ടെല്ലാവരും അതെല്ലാം നിശബ്ദം സഹിക്കുകയാണ്. ഏതാനും പേർ അതിനെതിരെ കലഹിക്കുന്നുണ്ട്. മറ്റു ചിലർ കൂടുതൽ മികച്ച ലോകത്തിനു വേണ്ടി പോരാടുന്നു. ചിലർ അവരവർക്ക് വേണ്ടി പോരാടുന്നു. മറ്റു ചിലരാവട്ടെ അതൊന്നും കാര്യമാക്കുന്നേയില്ല.
അക്കാലത്തെ എറ്റവും പൂജനിയരായ മഹർഷിമാരിലൊരാളാളുടെ മകനായി പിറന്നയാളാണ് രാവണൻ. ദേവകൾ കഴിവുകൾ വാരിക്കോരി കൊടുത്തിട്ടുണ്ടായൾക്ക്. എന്നാൽ ക്രൂരമായ വിധി അയാളെ അങ്ങേയറ്റം പരീക്ഷിക്കുകയാണ് . കൗമാര പ്രായത്തിൽ ഉഗ്രനായ കൊള്ളക്കാരനായി മാറുന്ന ആയാളിൽ ധീരതയുടെയും ക്രൂരതയുടെയും ഭീഷണമായ ദൃഡനിശ്ചയത്തിന്റെയും തുല്യ ഘടകങ്ങളുണ്ട്. പിടിച്ചടക്കാനും കവർന്നെടക്കാനും തനിക്കർഹമെന്ന് കരുതുന്ന മഹത്വം വെട്ടിപ്പിടിക്കാനും മനുഷ്യർക്കിടയിൽ ജീവിച്ചിരിക്കുന്ന ചരിത്രമായി മാറാനുള്ള ദൗത്യത്തിലാണയാൾ.

എക്കാലത്തേയും ഏറ്റവും സങ്കീർണ്ണവും അക്രമാസക്തവും വികാരവിക്ഷ്ബുധവും നിപുണവുമായ ഒരു ജീവിതത്തിന്റെ ഇതിഹാസമാണ് ഈ പുസ്‌തകം എന്ന് നിസ്സംശയം പറയാം . രാവണന്റെ ജൈത്രയാത്രയുടെയും മാനസികസംഘർഷങ്ങളുടെയും നേർക്കാഴ്ചക്കൊപ്പം കുംഭകര്ണനെയും ചിത്രണം ചെയ്യുന്നുണ്ട് ഈ പുസ്‌തകം .

കടൽക്കൊള്ളക്കാരനായും നാവിക തലവനായും ലങ്കയിലെ അധികാരത്തിന്റെ ഇടനാഴിയിലേക്ക് ഓരോരോ പടവുകൾ ചവിട്ടി കയറുന്ന രാവണനെ ശ്വാസമടക്കിപ്പിടിച്ചേ വായിച്ചു പോകാനാവൂ.

പൗരോഹിത്യത്തിന്റെ അധികാരശ്രേണിയായി വിശ്വാമിത്രനെ ശക്തമായി അവതരിപ്പിക്കുന്നു. പൂജ്യനീയനായ വിഷ്ണുവിന് വേണ്ടി പ്രതിനായകനെ നിലനിർത്തുന്ന വിശ്വാമിത്രനും അരിഷ്‌നേമിയും ഒരേ സമയം മികച്ച പുരോഹിതനും നയതന്ത്രവിദഗ്ദരുമാണ്. ഒരു മഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ ഉള്ളതെല്ലാം ആസൂത്രണം ചെയ്യാൻ തക്ക കഴിവുള്ളവരാണ് വിശ്വാമിത്രൻ എന്ന പുരോഹിതനും അദ്ദേഹത്തിന്റെ അനുചരന്മാരും .
രാമന് വേണ്ടി നിലനിർത്തപ്പെടുന്ന പ്രതിനായകൻ മിക്കപ്പോഴും നായകനിരയിലേക്ക് കുതിച്ചു ചാട്ടം നടത്തുന്നുണ്ട്.
കുംഭകർണ്ണനെ മികച്ച സൈന്യാധിപനായും നയതന്ത്രജ്ഞനായും ചിത്രികരിച്ചിട്ടുണ്ട്. രാവണന്റെ സന്തത സഹചാരിയാണ് അവനെപ്പോഴും. അതിലുപരി രാവണനെ സത്യസന്ധമായി സ്‌നേഹിക്കുന്ന എക വ്യക്തിയും കുംഭകർണ്ണനാണ്. അയോദ്ധ്യയുടെ പുത്രനായി രാമൻ ജനിക്കുന്ന അന്നാണ് രാവണൻ ദശരഥനെ യുദ്ധത്തിൽ പരാജയപ്പെടുത്തുന്നത്. ഈ കഥാ സന്ദർഭത്തിലൂടെ തന്നെ വ്യക്തമാണ് രാമനും രാവണനും തമ്മിലുള്ള പ്രായവ്യത്യാസം.
സീതയുടെ പരിണയത്തിനായി ചെല്ലുമ്പോൾ അപമാനിക്കപ്പെടുന്ന രാവണൻ ത്രയംബകം വില്ലെടുക്കുന്ന ച്ചിത്രം വിവരിക്കുമ്പോൾ ഏതു വായനക്കാരനാണ് ആ വന്യമായ പൗരുഷത്തിന് മുന്നിൽ പകച്ചു പോകാത്തത് .ഒടുവിൽ മിഥിലയിൽ നിന്നും പരാജിതനായി പോകുന്ന രാവണൻ തന്റെ പ്രതികാരാഗ്നി ആളിക്കത്തിക്കുമ്പോൾ കുംഭകര്ണന് പോലും നിസ്സഹായനായിപോകുന്നു .എന്നലോ സഹോദരനോടുള്ള അതിരറ്റ സ്നേഹത്താൽ തന്റെ ഉദ്യമം പാതി വഴിയിൽ ഉപേക്ഷിക്കുന്ന സ്നേഹസമ്പന്നനായ സഹോദരനായും രാവണൻ മിന്നിത്തെളിയുന്നുണ്ട് വരികൾക്കും വാക്കുകൾക്കും ഇടയിൽ .
കുബേരനെ നാട് കടത്താൻ കുംഭകർണ്ണൻ ഉപയോഗിക്കുന്ന നയചാരുത ശ്രദ്ധിക്കപ്പെടേണ്ട ഒന്നു തന്നെയാണ്. സന്യാസമോഹത്താൽ കൈലാസയാത്രയിലേക്ക് പുറപ്പെടുന്ന കുബേരൻ രാവണനെ രാജാഭിഷ്‌കത്തനാക്കുന്നിടത്താണ് കുംഭകർണ്ണന്റെ കൂർമ്മബുദ്ധിയെ നമ്മൾ സമ്മതിച്ചുകൊടുക്കേണ്ടത്.
കന്യാകുമാരിയായും വേദവതിയായും രാവണനിൽ പ്രണയം നിറക്കുന്ന നായികസങ്കൽപ്പം രാവണനെ ഒരു പരിധിവരെ ധർമ്മിഷ്ഠനാക്കുന്നുണ്ട്. മികച്ച വായനക്കാരനും ചിത്രകാരനും ഗായകനും സംഗീത ഉപകരണങ്ങളിൽ പ്രഗൽഭനുമായ രാവണനെ യുദ്ധ കൊതിയനായും സ്ത്രീ ലമ്പടനുമായാണ് ഭൂരിഭാഗവും വായിച്ചറിഞ്ഞിട്ടുള്ളത്.
മികച്ച നാവിക പടയും യുദ്ധ സന്നാഹവും തോൽക്കാൻ ഇഷ്ടമില്ലാത്ത മനസ്സുമുള്ള രാവണൻ ഒരു മികച്ച യോദ്ധാവാണ് എന്നതിൽ തർക്കമില്ല. തോൽക്കാൻ ഇഷ്ടമില്ലാത്ത മനസ്സും അചഞ്ചലമായ ആഗ്രഹങ്ങളുമാണ് രാവണനെ എന്നും വിജയത്തോടൊപ്പം ചേർത്തു നിർത്തിയത്.

സപ്തസിന്ധുവിനെയും കീഴടക്കാൻ വെമ്പൽ കൊള്ളുന്ന പ്രതിനായകൻ ആകുമ്പോഴും ലങ്കയുടെ സർവ്വാധികാരിയായി ഇന്ദ്രജിത്തിത്തിന്റെ ഇഷ്ട്ടപ്പെട്ട അച്ഛനായി രാവണൻ പല ഭാവങ്ങളിൽ പല രൂപങ്ങളിൽ മിമിന്നിത്തെളിയുന്നു ഈ പുസ്‌തകത്തിന്റെ ആദ്യാവസാനം എന്നതിൽ തർക്കമില്ല .
ഇന്ത്യയുടെ പ്രതിനായക ഭാവങ്ങളിൽ അന്നും ഇന്നും തിളങ്ങി നിൽക്കുന്ന രാവണനോട് എപ്പോഴൊക്കെയോ വായനക്കാരൻ സമരസപ്പെടുന്നിടത്താണ് ഈ പുസ്‌തകവും എഴുത്തുതുകാരനും വേറിട്ട് നിൽക്കുന്നത് .
പുരാണവും ചരിത്രവും ഇഴ പിരിച്ചു കഥ പറയുന്ന ഈ പുസ്‌തകത്തിന്റെ കാമ്പ് ഉൾക്കൊണ്ടുള്ള പരിഭാഷയാണ് കബനി സിവിക് വായനക്കാർക്ക് നൽകുന്നത് .വെസ്റ്റ്ലാൻഡ് പബ്ലിക്കേഷൻസ് ആണ് പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുള്ളത് .

Leave a Reply

Your email address will not be published.